കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയ്ക്കും സംഘത്തിനും ലഭിച്ച കമ്മിഷൻ തുക അനധികൃതമായി ഡോളറാക്കി വിദേശത്തേക്ക് കടത്തിയ കേസിൽ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം മുൻ മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ മൂന്നാംപ്രതിയാക്കാൻ കസ്റ്റംസ് തീരുമാനിച്ചു.
നയതന്ത്രചാനൽ സ്വർണക്കടത്ത് കേസിൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇന്ത്യ വിട്ട ഇൗജിപ്ഷ്യൻ പൗരനായ ഇയാൾക്കെതിരെ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിക്കാൻ എറണാകുളം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. ഖാലിദ് പ്രതിയായാൽ കേസിന്റെ അന്വേഷണഗതി മാറും. ഇതാദ്യമായാണ് ഈ കേസിൽ ഒരു കോൺസുലേറ്റ് ഉദ്യോഗസ്ഥനെ പ്രതിയാക്കുന്നത്. ഇന്റർപോളിന്റെ സഹായത്തോടെ ഖാലിദിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. അതേസമയം ഖാലിദിന് നയതന്ത്രപരിരക്ഷയുണ്ടോയെന്നും കോടതി ആരാഞ്ഞു. കേസിൽ നാളെ (വ്യാഴം) വിശദമായി വാദം കേൾക്കും. ഇൗ കേസിൽ സ്വപ്‌നയും സരിത്തും പ്രതികളാണ്.കസ്റ്റംസ് ആക്‌ട് 108 പ്രകാരം സ്വപ്‌ന, സരിത്ത് എന്നിവർ നൽകിയ മൊഴിയിലാണ് ഖാലിദിന്റെ പങ്ക് വ്യക്തമാക്കുന്നത്. ഡോളർ കടത്ത് ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് കോടതിയിൽ നൽകിയ അപേക്ഷയിൽ കസ്‌റ്റംസ് പറയുന്നു. ഒരുകോടിക്ക് മുകളിലുള്ള ഡോളർകടത്ത് ജാമ്യമില്ലാക്കുറ്റമാണ്.
ഖാലിദിന് കമ്മിഷനായി 3.8 കോടി
ലൈഫ് മിഷൻ ഭവനപദ്ധതിയിൽ നിർമ്മാണ കമ്പനിയായ യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ 3.8 കോടി രൂപ ഖാലിദിന് കമ്മിഷനായി നൽകിയിരുന്നു. ഇതുകൂടാതെ സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് 60 ലക്ഷം രൂപയും ഏഴ് ഐഫോണുകളും നൽകി. കമ്മിഷൻ ലഭിച്ച ഒരു തുകയുടെ ഒരു ഭാഗമാണ് ഖാലിദ്, സ്വപ്ന, സരിത്ത് എന്നിവർ ചേർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 2019 ആഗസ്‌റ്റ് ഏഴിന് വിദേശത്തേക്ക് കടത്തിയതെന്നാണ് കസ്‌റ്റംസിന്റെ പ്രാഥമികനിഗമനം. ഡോളർ ഒളിപ്പിച്ച ബാഗ് പിടിക്കപ്പെടില്ലെന്ന് ഉറപ്പാക്കാൻ കോൺസുലേറ്റിലെ സ്കാനറിലൂടെ പലതവണ കടത്തി പരീക്ഷണം നടത്തി. ഹാൻഡ് ബാഗിൽ ഒളിപ്പിച്ച ഡോളറുമായി മൂവരും ആദ്യമിറങ്ങിയത് മസ്‌കറ്റിലാണ്. ഖാലിദ് അവിടെനിന്ന് ഡോളറുമായി കെയ്‌റോയിലേക്ക് പോയി. സ്വപ്‌നയും സരിത്തും ദുബായിലേക്കും യാത്രയായെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.