saksha

കൊച്ചി: പ്രേരക്മാർ ജോലിയിലിരിക്കെ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് 75,000 രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സാക്ഷരതമിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിൽ ജോലിയിലിരിക്കെ മരിച്ച പ്രേരക് ശിവരാജന്റെ കുടുംബത്തിന് യാതൊരു സാമ്പത്തികസഹായവും ലഭിച്ചില്ലെന്ന കേരളകൗമുദി വാർത്തയെത്തുടർന്നാണ് അധികൃതരുടെ വിശദീകരണം. ശിവരാജന്റെ ബന്ധുക്കൾ അപേക്ഷിക്കാത്തതിനാലാണ് കുടുംബത്തിന് സഹായം ലഭിക്കാത്തതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. മുൻസർക്കാരിന്റെ കാലത്ത് 25,000 ആയിരുന്ന മരണാനന്തര കുടുംബസഹായം ഇപ്പോൾ 75,000 രൂപയായി വർദ്ധിപ്പിച്ചു. ഇതിന് പുറമേ പ്രേരക്മാർക്ക് 50,000 രൂപവരെ ചികിത്സാ സഹായവും നൽകുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന തങ്ങൾക്ക് ഇതേകുറിച്ച് യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പ്രേരക്മാർ പറയുന്നത്. കഴിഞ്ഞമാസം 22ന് മരണപ്പെട്ട പ്രേരകിന്റെ വീട് സന്ദർശിച്ച് ധനസാഹയത്തെക്കുറിച്ച് എന്തെങ്കിലും അവബോധം നൽകുന്നകാര്യത്തിൽ പത്തനംതിട്ടജില്ല സാക്ഷരതമിഷൻ അധികൃതർക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. പ്രേരക്മാർക്ക് അറിവില്ലാത്ത കാര്യം ജില്ലാ സാക്ഷരതാമിഷനും അറിയില്ലെന്നതിന് തെളിവാണിത്. അതുകൊണ്ടാണ് സഹപ്രവർത്തകന്റെ മരണശേഷം ആ കുടുംബത്തിന്റെ ദയനീയസ്ഥിതി കണ്ട് വാട്സ്ആപ്പ് കൂട്ടായ്മ 32,000 രൂപ സമാഹരിച്ച് നൽകിയതെന്നും പ്രേരക്മാർ പറയുന്നു.മരണപ്പെട്ട ശിവരാജന്റെ കുടുംബത്തിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷ ലഭിച്ചാലുടൻ ധനസഹായം നൽകുന്നതിന് തടസമില്ലെന്നാണ് സാക്ഷരതാമിഷന്റെ വിശദീകരണം.

ജില്ലാമിഷന് വീഴ്ച സംഭവിച്ചു

ശിവരാജന്റെ കുടുംബത്തെ നേരിട്ട് സന്ദർശിച്ച് മരണാനന്തര സഹായത്തിന് അപേക്ഷസമർപ്പിക്കുന്ന കാര്യം ബോധ്യപ്പെടുത്താതിരുന്നത് പത്തനംതിട്ടജില്ലാ സാക്ഷരതാമിഷന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ്.

എസ്. പ്രദീപ് കുമാർ,

പബ്ലിക് റിലേഷൻസ് ഓഫീസർ

സംസ്ഥാന സാക്ഷരതാമിഷൻ

തിരുവനന്തപുരം.