മൂവാറ്റുപുഴ: കേരളത്തിലെ ആദ്യത്തെ വയോജന പാർക്കിന്റെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ഇന്ന് വൈകിട്ട് 3ന് നിർവഹിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തിൻ അദ്ധ്യക്ഷത വഹിക്കും.മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മഞ്ഞള്ളൂരിൽ സ്ഥാപിതമാകുന്ന വയോജന പാർക്കിന് 1 ഏക്കർ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്.സമൂഹത്തിലെ മുതിർന്നവർക്കുള്ള മാനസിക ഉല്ലാസത്തിനും,ആരോഗ്യ സംരക്ഷണത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കും.ഇതിനായി സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി മാസത്തിൽ പണി പൂർത്തീകരിക്കാനാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളതെന്ന് എം. എൽ. എ പറഞ്ഞു. ഓൺലൈനായി നടക്കുന്ന പ്രഖ്യാപന ചടങ്ങിന് ശേഷം വാഴക്കുളത്ത് പഞ്ചായത്ത് കാര്യാലയത്തിന് സമീപം നടക്കുന്ന അനുബന്ധ ചടങ്ങിൽ ജനപ്രതിനിധികളും,സാമൂഹിക-രാഷ്ടീയ, സാംസ്കാരിക രംഗത്തെ നേതാക്കളും പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ.ജോർജും, സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസർ കെ.കെ.ജോൺ ജോഷി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.