canal
പെരിയാർ വാലി കനാലിൽ ചെളിയും കാടും അടിഞ്ഞു കിടന്ന് നീരൊഴുക്ക് നഷ്ടപ്പെട്ട നിലയിൽ

പെരുമ്പാവൂർ: ചേരാനല്ലൂർ മൈനർ ഇറിഗേഷന്റെ കീഴിലുള്ള പാടശേഖരങ്ങളിൽ കൃഷി ചെയ്യാൻ സമയമായെങ്കിലും പെരിയാർ വാലി കനാലിൽ അടിഞ്ഞു കിടക്കുന്ന ചെളിയും കാടും നീക്കം ചെയ്യാത്തതുകൊണ്ട് നീരൊഴുക്ക് നഷ്ടപ്പെട്ടു.

സാധാരണ സെപ്തംബർ മാസത്തിൽ കനാൽ ശുചീകരിക്കേണ്ടതാണ്. കുറച്ച് വർഷങ്ങളായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തിയാണ് ശുചീകരണ പ്രവർത്തികൾ നടത്തിയിരുന്നത്. എന്നാൽ ആവർത്തന സ്വഭാവമുള്ള തൊഴിലുകൾ നടത്താൻ പാടില്ലെന്ന നിർദ്ദേശം ഉള്ളതിനാൽ രണ്ട് വർഷമായിട്ട് കനാലിന്റെ ശുചീകരണ പ്രവർത്തികൾ നീണ്ടുപോകുകയാണ്. ഈ അവസ്ഥ തന്നെയാണ് പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ചെറുതും വലുതുമായ 20 മൈനർ ഇറിഗേഷൻ പ്രേജക്ടുകളുടെ അവസ്ഥ. ഇതുമൂലം കൃഷി സമയത്ത് നടത്താൻ പറ്റാതെ കാർഷിക മേഖല തകരുന്ന അവസ്ഥയാണ്.ചേരാനല്ലൂർ മൈനർ ഇറിഗേഷന്റെ കീഴിലുള്ള വെള്ളുക്കുഴി, പങ്ങോലപാടം, കഞ്ഞട്ടോറ, കൂലിപാടം, ബ്ലായിപാടം, ഇടപ്പന എന്നീ പാടശേഖരങ്ങളിൽ ട്രില്ലർ ഇറക്കിയെങ്കിലും വെള്ളം ഇല്ലാത്തതിനാൽ ഉഴുവ് നടത്തുവാൻ സാധിച്ചില്ല. ഒരു മോട്ടോർ പ്രവർത്തിക്കുന്നുണ്ടെങ്കിലും അടുത്ത മോട്ടോറുകൾ ഉടൻ തന്നെ അറ്റകുറ്റപണികൾ നടത്തി പ്രവർത്തനസജ്ജമാക്കാം എന്ന് അധികൃതർ പറയുന്നു. ഏതെങ്കിലും പദ്ധതിയിൽ പെടുത്തി ശുചീകരണ പ്രവർത്തികൾ നടത്തി നീരൊഴുക്ക് സുഖമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ചേരാനല്ലൂർ പാടശേഖര സമിതി പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ ആവശ്യപ്പെട്ടു.

ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിൽ

മുൻ വർഷങ്ങളിൽ ജനപ്രതിനിധികളുടെയും, കളക്ടറുടെയും ഇടപെടലിനെ തുടർന്നാണ് ഏറെ വൈകിയാണെങ്കിലും മൈനർ ഇറിഗേഷൻ കനാലുകളും, പെരിയാർ വാലി കനാലുകളും ശുചീകരണ പ്രവർത്തികൾ നടത്തിയത്. രണ്ട് മാസം മുൻപ് കനാൽ ശുചീകരണത്തിനായി വിവിധ പഞ്ചായത്തുകളോടും, ബ്ലോക്ക് പഞ്ചായത്തുകളോടും മൈനർ ഇറിഗേഷൻ അധികൃതർ ശുചീകരണ പ്രവർത്തികൾക്ക് നടപടികൾ സ്വീകരിക്കുന്നതിന് തടസം ഉണ്ടെങ്കിൽ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും കൃത്യമായ മറുപടി നൽകിയില്ല.