കൊച്ചി : കലൂർ - സീനത്തോട്ടിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കലൂർ ഷേണായ് റോഡിലെ പൈപ്പ് പൊളിച്ചു നീക്കി രണ്ടു മീറ്റർ വീതിയിലും മൂന്നു മീറ്റർ ആഴത്തിലും കലുങ്ക് നിർമ്മിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ റോഡിലെ താമസക്കാരായ അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസ് ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. സീനത്തോട് അവസാനിക്കുന്ന കതൃക്കടവ് റെയിൽവെ കനാൽ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾക്കടിയിൽ സ്ഥാപിച്ച ചെറിയ പൈപ്പിലൂടെയാണ് മഴയെത്തുടർന്ന് ഒഴുകിയെത്തുന്ന വെള്ളം റെയിൽവെ കനാലിലേക്ക് പോകുന്നത്. ഇതാണ് വെള്ളക്കെട്ടിന് പ്രധാനകാരണമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കോടതിയുടെ നിർദ്ദേശപ്രകാരം 9.60 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വാട്ടർ അതോറിറ്റക നഗരസഭയ്ക്ക് നൽകിയിരുന്നു. ഇതനുസരിച്ച് തുക അനുവദിക്കാൻ കൊച്ചി നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഈ തുക ഒരുമാസത്തിനകം നൽകണമെന്നും മൂന്നു മാസത്തിനകം വാട്ടർ അതോറിറ്റി പൈപ്പുകൾ ഉയർത്തുന്ന ജോലി പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പണം ലഭിച്ചാലുടൻ ഇതിന്റെ പണി തുടങ്ങാമെന്ന് വാട്ടർ അതോറിറ്റിയും ഹൈക്കോടതിയെ അറിയിച്ചു.