കൊച്ചി: പൈങ്ങോട്ടൂരിൽ കാർഷിക വിപ്ലവത്തിന് നാന്ദികുറിച്ച് ഇൻഫാമിന്റെ നേതൃത്വത്തിൽ 5 ഏക്കർ സംയോജിത നെൽകൃഷി ആരംഭിച്ചു.മൂന്നുകൃഷിക്കാർ നൽകിയ പാടങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയ കൃഷിസ്ഥലത്താണ് നെൽകൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി നിർവഹിച്ചു.

ഭക്ഷ്യവിഭവങ്ങൾ കഴിവതും ഉല്പാദിപ്പിക്കണം. കൃഷിഭൂമിയുള്ള കർഷകർ സ്വന്തമായി സ്ഥലമില്ലാത്ത പാവപ്പെട്ടവരുമായി ഒന്നുചേർന്നു കൃഷിചെയ്യുകയും വിഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനം മുഴുവൻ ഒരുകൃഷിവിപ്ലവം സംജാതമാക്കുവാൻ സാധിക്കും. ധാന്യവിളകളുടെയും പച്ചക്കറികളുടെയും ഉല്പാദനത്തോടൊപ്പം കാലി വളർത്തൽ, മത്സ്യക്കൃഷി, കോഴിവളർത്തൽ മുതലായ തൊഴിലുകൾ ജനങ്ങൾ പരിശീലിക്കുന്നതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആലഞ്ചേരി പറഞ്ഞു.

കോതമംഗലം രൂപതയിലെ പൈങ്ങോട്ടൂർ പള്ളിവികാരിയും ഇൻഫാം സംസ്ഥാന ഡയറക്ടറുമായ ഫാ. ജോസ് മോനിപ്പിള്ളിയാണ് ഈ സംരംഭത്തിന്റെ സംഘാടകൻ. ഇൻഫാം സംസ്ഥാനഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ, കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഡോ. തോമസ് ജെ. പറയിടം, ഇൻഫാം ദേശീയ ട്രസ്റ്റി ജോയി തെങ്ങുംകുടി, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, ഇൻഫാം പൈങ്ങോട്ടൂർ യൂണിറ്റ് പ്രസിഡന്റ് ജോയി ചെറുകാട്ട്, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഡാന്റി തോമസ്, ജോയൽ തേക്കുംകാട്ടിൽ, ഇൻഫാം ഭാരവാഹികൾ, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.