കൊച്ചി : മനയ്ക്കക്കടവ് - നെല്ലാട് - പത്താംമൈൽ റോഡിന്റെ നിർമ്മാണ പുരോഗതി മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇൗ റോഡിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കുന്നത്തുനാട് എം.എൽ.എ വി.പി. സജീന്ദ്രൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. മാസങ്ങളായി നിർമ്മാണം നിറുത്തിവച്ചതോടെ യാത്രക്കാർ ദുരിതത്തിലാണെന്നും കരാറുകാർ പണിനടത്താതായതോടെ തകർന്ന റോഡിൽ അപകടങ്ങൾ പതിവാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഇൗ റൂട്ടിൽ പട്ടിമറ്റം - പത്താംമൈൽ റോഡിൽ ഒരു കിലോമീറ്ററിൽ താഴെയാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാനപാതയുടെ ഭാഗമായുള്ള മനയ്ക്കക്കടവ് - പള്ളിക്കര - നെല്ലാട് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇനിയും തുടങ്ങിയിട്ടില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കി. തുടർന്നാണ് നിർമ്മാണ പുരോഗതി അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.