1
പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡൻറ് ആൻറണി സാലു ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: എറണാകുളം കളക്ടറേറ്റ് കാമ്പസിൽ നിർമ്മിക്കുന്ന ഇലക്ഷൻ ഗോഡൗണിന്റെ പേരിൽ കോടികളുടെ ധൂർത്തെന്ന് ആരോപിച്ച് എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ആന്റണി സാലു ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ടി.വി ജോമോൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി അജിത് കുമാർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേസിൽ വർഗീസ് ,കെ.എം ബാബു,ജെ.പ്രശാന്ത്,അനിൽ വർഗീസ്,എസ്.എസ് അജീഷ്‌ എന്നിവർ സംസാരിച്ചു. കളക്ടറേറ്റ് കാമ്പസിന്റെ വടക്ക് സീ-പോർട്ട് എയർ പോർട്ട് റോഡിനോട് ചേർന്ന് മൂന്ന് കോടിരൂപ ചെലവഴിച്ചാണ് തിരഞ്ഞെടുപ്പ് വിഭാഗം ഗോഡൗൺ നിർമ്മിക്കുന്നത്.


പതിനായിരം സ്‌ക്വയർ ഫീറ്റിന് മുകളിൽ വലിപ്പത്തിൽ നിർമ്മിക്കുന്ന ഈ രണ്ടുനില കെട്ടിടത്തിൽ തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കുക. എന്നാൽ, കളക്ടറേറ്റ് കാമ്പസിൽ 1997ൽ ലക്ഷങ്ങൾ ചെലവഴിച്ച് ഇലക്ഷൻ ബിൽഡിംഗ് എന്നപേരിൽ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ.ഇ ഇസ്മായിൽ ഉദ്ഘാടനം ചെയ്ത രണ്ട് കെട്ടിടങ്ങൾ ഇന്ന് കാടുകയറിയ നിലയിലാണ്. തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കാനായിട്ടായിരുന്നു ഈ കെട്ടിടങ്ങളുടെ നിർമ്മാണം. ഈ കെട്ടിടങ്ങളിൽ പഞ്ചായത്ത് ബാലറ്റ് ബോക്സുകളും മറ്റൊന്നിൽ നിയമസഭയുടെ ബാലറ്റ് ബോക്സുകളും സൂക്ഷിച്ചിരുന്നെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ജില്ലാ ഭരണ കേന്ദ്രത്തിലെ ഈ ധൂർത്ത്.