isis-link

കൊച്ചി: ഭീകരസംഘടനയായ ഐസിസിന്റെ കേരള ഘടകമായ അൻസാർ ഉൽ ഖലീഫയുടെ സ്ഥാപകാംഗം തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉൽ അസ്ളിമിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്‌റ്റ് ചെയ്‌തു. സൗദി അറേബ്യയിലായിരുന്ന ഇയാളെ നാടുകടത്തുകയായിരുന്നു. ന്യൂഡൽഹിയിലെത്തിയ സിദ്ദിഖിനെ അവിട‌െവച്ച് അറസ്റ്റ് ചെയ്‌ത് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യംചെയ്യലിനായി അന്വേഷണസംഘം വെള്ളിയാഴ്ചവരെ കസ്റ്റഡിയിൽ വാങ്ങി.

അതേസമയം കനകമല ഐസിസ് കേസിലെ പ്രതിയായ മുഹമ്മദ് പോളക്കാനിയെ വീണ്ടും ചോദ്യംചെയ്യാൻ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി. ജോർജിയയിലായിരുന്ന ഇയാളെ കൊച്ചിയിലെത്തിച്ചാണ് എൻ.ഐ.എ അറസ്‌റ്റ് ചെയ്‌തത്. കണ്ണൂരിലെ കനകമലയിൽ ഒത്തുകൂടി കേരളത്തിലും തമിഴ്നാട്ടിലും അക്രമത്തിന് പദ്ധതിയിട്ട സംഘത്തിലെയാളാണ് മുഹമ്മദെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. കേസിലെ ആറു പ്രതികളെ കഴിഞ്ഞവർഷം ശിക്ഷിച്ചിരുന്നു. മുഹമ്മദിനെ പ്രതിയാക്കിയെങ്കിലും അപ്പോഴേക്കും ഇയാൾ വിദേശത്തേക്ക് കടന്നു. പിന്നീട് ഇന്റർപോളിന്റെ സഹായത്തോടെയാണ് അറസ്‌റ്റ് ചെയ്‌തത്. 2016 ഒക്‌ടോബർ രണ്ടിനാണ് ഭീകരപ്രവർത്തനങ്ങൾക്കായി ഒരുസംഘം കനകമലയിൽ ഒത്തുകൂടിയത്. കേസിന്റെ വിചാരണവേളയിൽ പ്രതികളുടെ ഐസിസ് ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല.