കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച വ്യാപാര ബന്തും ധർണയും എറണാകുളം ജില്ലയിൽ പൂർണം. മുഴുവൻ യൂണിറ്റുകളും പ്രതിഷേധത്തിൽ പങ്കെടുത്തു. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് ജംഗ്ഷനിൽ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് നിർവഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അസീസ് മൂലയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എറണാകുളം മേഖല പ്രസിഡന്റ് എം.സി. പോൾസൺ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ആലുവയിലും ട്രഷറർ സി.എസ്. അജ്മൽ മുവാറ്റുപുഴയിലും ധർണ ഉദ്ഘാടനം ചെയ്തു. ജി.എസ്.ടിയിലെ വ്യാപാരി ദ്രോഹനടപടികൾ പിൻവലിക്കുക, കൊവിഡ് നിയന്ത്രണത്തിന്റെ മറവിൽ അനാവശ്യ കടപരിശോധനകൾ ഒഴിവാക്കുക, മൈക്രോ കണ്ടെയിൻമെന്റ് സോണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കുക, അനാവശ്യ പിഴ ഈടാക്കൽ അവസാനിപ്പിക്കുക, വഴിയോര കച്ചവടം കർശനമായി നിയന്ത്രിക്കുക, വികസനത്തിന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉടൻ അനുവദിക്കുക, വാടക കുടിയാൻ നിയമം ഉടൻ പാസാക്കുക, വ്യാപാരി ക്ഷേമനിധിയിൽ നിന്നു ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ വ്യാപാരികൾ ഉന്നയിച്ചാണ് ബന്ദും ധർണയും സംഘടിപ്പിച്ചത്. ജില്ലയിലെ 1,168 കേന്ദ്രങ്ങളിലായി വ്യാപാരികൾ അണിനിരന്നു. രാവിലെ 10 മുതൽ 12 വരെ കടകൾ തുറന്ന് വ്യാപാരം ബഹിഷ്‌കരിച്ച് പ്രതീകാത്മക വ്യാപാര ബന്ത് ആചരിച്ചു. യൂത്ത്, വനിതാ കമ്മിറ്റികളെയും സമരത്തിൽ അണിനിരന്നു. ജില്ലാ, മേഖല, യൂണിറ്റ് യൂത്ത് വിംഗ് ഭാരവാഹികളും വനിതാ യൂത്ത് വിംഗ് നേതാക്കളും സമരത്തിന് നേതൃത്വം നൽകി.