കൊച്ചി: മെട്രോ പേട്ടഎസ്.എൻ ജംഗ്ഷൻ പാതയിലെ പൈലിംഗ് ജോലികൾ പൂർത്തിയായി. മെട്രോ തൂണുകൾക്കുള്ള 259 പൈലുകളും എസ്.എൻ ജംഗ്ഷൻ സ്റ്റേഷനിലേക്കുള്ള പൈലിംഗും അവസാനിച്ചു. ഇതോടെ പാതയിലെ നിർമാണ പ്രവർത്തികളിൽ 30 ശതമാനം പുരോഗതി കൈവരിച്ചതായി അധികൃതർ അറിയിച്ചു. 2021 നവംബറോടെ പാത യാഥാർഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പനംകുട്ടി പാലത്തിൽ നേരിട്ടെത്തി നിർമാണ പുരോഗതി വിലയിരുത്തി. 299.87 കോടി ചെലവിലാണ് പേട്ടയിൽ നിന്നും എസ്.എൻ ജംഗ്ഷൻ വരെയുള്ള നിർമാണം നടക്കുന്നത്. തുടർന്ന് എസ്.എൻ ജംഗ്ഷനിൽ നിന്നും തൃപ്പൂണിത്തുറയിലേക്ക് നീളുന്ന പാതയുടെ നിർമാണത്തിന് 162.98 കോടി രൂപയാണ് വകയിരുത്തുന്നത്. മെട്രോ നിർമാണ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി പനംകുട്ടി പാലത്തിന്റെ നിർമാണവും ധൃതഗതിയിൽ പുരോഗമിക്കുകയാണ്. ഫുട്പാത്ത് ഉൾപ്പെടെയുള്ള പുതിയ രണ്ടുവരി പാലമാണ് നിർമിക്കുന്നത്.