കുറുപ്പംപടി : സ്കൂൾ പൂട്ടിയിട്ട് നാളുകളായി ആരും തിരിഞ്ഞു നോക്കാതെ സ്കൂൾ വാഹനങ്ങൾ തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുന്നു.ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങളാണ് ഇത്തരത്തിൽ നശിച്ചുകൊണ്ടിരിക്കുന്നത് . സർക്കാർ സ്കൂളുകളിലെ വാഹനങ്ങളുടെ സ്ഥിതി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എം.എൽ.എ ഫണ്ടിൽ നിന്നും എം.പി ഫണ്ടിൽ നിന്നും എല്ലാം വാങ്ങിയ പുതിയ വാഹനങ്ങൾ ഒന്ന് സ്റ്റാർട്ട് ചെയ്തതിടാൻ പോലും ആളില്ലാത്ത അവസ്ഥയിലാണ്. ആദ്യം ഒന്ന് രണ്ടു മാസക്കാലം ആരെങ്കിലും വന്നുസ്റ്റാർട്ട് ചെയ്യുമായിരുന്നു. ഇപ്പോൾ അതിനും ആളില്ലാത്ത അവസ്ഥയാണ് .
വെറുതെ കിടക്കുന്ന വാഹനങ്ങൾക്ക് പതിനായിരകണക്കിന് രൂപയാണ് ഇൻഷ്വറൻസും ടാക്സും ഇനത്തിൽ അടച്ചിരിക്കുന്നത്.ഇനിയും അടുത്ത അധ്യയന വർഷത്തേക്ക് ടാക്സും ഇൻഷ്വറൻസും പുതിയത് എടുക്കേണ്ടിയിരിക്കുന്നു ഇതൊക്കെ സ്കൂൾ വാഹനങ്ങൾക്ക് വൻ ബാധ്യത വരുത്തി വയ്ക്കുന്നതാണ്.
വാഹനങ്ങൾ ഇനി അടിമുടി മാറ്റേണ്ടി വരും
ഇനി സ്കൂൾ തുറക്കുമ്പോഴേക്കും വാഹനങ്ങളുടെ ബാറ്ററി, എൻജിൻ മുതലായ എല്ലാം പണിമുടക്കിയിരിക്കും. വാഹനം ഇനി റോഡിൽ ഇറങ്ങണമെങ്കിൽ ലക്ഷങ്ങൾ ചിലവഴിക്കേണ്ടിവരും. മാനേജ്മെന്റ് സ്കൂളിലെ വാഹനങ്ങൾ എത്രരൂപ മുടക്കിയാണെങ്കിലും ശരിയാക്കി റോഡിൽ ഇറക്കും എന്നാൽ സർക്കാർ സ്കൂളുകളിലെ സ്ഥിതി അതായിരിക്കില്ല.