അങ്കമാലി: അങ്കമാലി നഗരസഭയുടെ 40 വർഷ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുന്നണിയും ഒരു ചെയർപേഴ്സനും അഞ്ചുവർഷം പൂർത്തിയാക്കുന്നത്.തർക്കങ്ങളില്ലാതെ അഞ്ചുവർഷം ഭരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് തിരഞ്ഞെടുവിനെ അഭിമുഖീകരിക്കുന്നത്. ഭരണമാറ്റംലക്ഷ്യമിട്ട് യു.ഡി.എഫും അക്കൗണ്ട് തുറക്കാൻ ബി.ജെ.പിയും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
അങ്കമാലി നഗരസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ ഘടകകക്ഷികളുമായി സീറ്റു വിഭജനം പൂർത്തീകരിച്ചു. യു.ഡി.എഫിന്റെ ഘടകകക്ഷികളായി കേരള കോൺഗ്രസ് ജോസഫ് , ആർ.എസ്.പി എന്നീ കക്ഷികൾ ഉണ്ടെങ്കിലും കേരള കോൺഗ്രസിനെ മാത്രമേ സീറ്റിന്റെ കാര്യത്തിൽ പരിഗണിക്കു. എൽ.ഡി.എഫിൽ സി.പി.എം 21 സീറ്റിലാണ് മത്സരിക്കുന്നത്, ഘടകകക്ഷികളായ ജനതാദൾ അഞ്ചു സീറ്റുകളിലും (6,7, 20, 24,25 വാർഡുകൾ),സി.പി.ഐ മൂന്ന് സീറ്റുകളിലും (16, 26, 28 വാർഡുകൾ),കേരള കോൺഗ്രസ് 22-ാം വാർഡിലും മത്സരിക്കും. എൽ ഡി.എഫിൽ സ്ഥാനാർത്ഥികളുടെ അന്തിമപട്ടികയ്ക്ക് രൂപമായി. സി.പി.എം അങ്കമാലി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികൾ 21 വാർഡിലേയും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. ലിസ്റ്റ് ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് കൈമാറി. എൽ .ഡി.എഫ് 30 വാർഡുകളിലേയും സ്ഥാനാർത്ഥികളെ ഒന്നിച്ച് പ്രഖ്യാപിക്കും.
യു.ഡി.എഫിലും സീറ്റ് ചർച്ചകൾ ഗ്രൂപ്പുകൾ തിരിഞ്ഞ് നടക്കുന്നുണ്ട്. ഒരു സീറ്റ് കേരളകോൺഗ്രസിന് കൊടുത്തേക്കും. കഴിഞ്ഞതവണ എ. ഐ ഗ്രൂപ്പുകൾ മത്സരിച്ച സീറ്റുകളിൽ അതത് ഗ്രൂപ്പുകൾതന്നെ പിടിമുറുക്കിയിട്ടുണ്ട് .ഗ്രൂപ്പുകൾ തമ്മിൽ ചില സീറ്റുകൾ വച്ചു മാറുന്നതിനുള്ള നീക്കവുമുണ്ട്. സ്ഥാനാർത്ഥികളെ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പൂർത്തീകരിച്ചിട്ടില്ലെങ്കിലും പലരും വാർഡുകളിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
# മത്സരം ശക്തമാക്കാൻ മുന്നണികൾ
സ്ഥാനാർത്ഥി നിർണയത്തിൽ ഒരു പരിധിവരെ തർക്കങ്ങൾ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ഗ്രൂപ്പുകൾ.യു.ഡി.എഫിൽ ചെയർമാൻ സ്ഥാനത്തേക്ക് കെ.പി.സി.സി.അംഗവും മുൻ ചെയർമാനുമായിരുന്ന അഡ്വ.ഷിയോ പോൾ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ. എസ്. ഷാജി,, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, യു.ഡി.എഫ് ചെയമാൻ മാതൃതോമസ് ഉൾപ്പെടെയുള്ളവരുടെ പേരുകൾക്കാണ് മുൻതൂക്കം
എൽ.ഡി.എഫിൽ ചെയർപേഴ്സൺ എം.എ.ഗ്രേസി, ജനതാദൾ നേതാവും മുൻ ചെയർമാനുമായ ബെന്നി മൂഞ്ഞേലി,വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം.
കഴിഞ്ഞതിരഞ്ഞെടുപ്പിൽ 9 സീറ്റിൽ മത്സരിച്ച ബി.ജെ.പി ഇത്തവണ ഘടകക്ഷിളെ ഉൾക്കൊള്ളിച്ച് 30 വാർഡുകളിലും മത്സരിക്കും. ഇരുപതിലെറെ സ്ഥാനാർത്ഥികളെ തീരുമാനിച്ചുകഴിഞ്ഞു.ഇത്തവണ നഗരസഭയിൽ അക്കൗണ്ട് തുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.