chottanikkara-amma

കൊച്ചി: ചോറ്റാനിക്കര ഭഗവതിക്ക് കർണാടകയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് 500 കോടി രൂപയുടെ സമർപ്പണത്തിനൊരുങ്ങുന്നു. ക്ഷേത്രവും പരിസരവും ശില്പചാതുരിയോടെ പുനർനിർമ്മിച്ച് സുന്ദരമായ ക്ഷേത്ര നഗരിയാക്കുകയാണ് ലക്ഷ്യം. പണമായി നൽകാതെ, നേരിട്ട് നിർമ്മാണം പൂർത്തിയാക്കി സമർപ്പിക്കാനാണ് വ്യവസായ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ഭക്തന്റെ താത്പര്യം.

അവിശ്വസനീയമായ തുകയുടെ പദ്ധതി ഒരു വർഷം മുമ്പാണ് കൊച്ചിൻ ദേവസ്വം ബോർഡിനു മുമ്പാകെ സമർപ്പിച്ചത്. ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ച് ബോർഡ് ഉന്നതരും കമ്പനി പ്രതിനിധി ഗണശ്രാവൺജിയും തമ്മിൽ പലവട്ടം ചർച്ചകളും നടന്നു. വലിയ പദ്ധതിയായതിനാൽ ദേവസ്വം ബോർഡ് നിർദ്ദേശം സർക്കാരിനയച്ചു. വിശദാംശങ്ങൾ നിശ്ചയിക്കാനായി ദേവസ്വം വകുപ്പിന്റെ മറുപടിയും വന്നു. ഇത്രയും ബൃഹത്തായ പദ്ധതിയായതിനാൽ നിയമോപദേശ പ്രകാരം, ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി തേടാനുള്ള നടപടി ക്രമങ്ങളിലാണ് ദേവസ്വം ബോർഡ്.

എറണാകുളത്തെ പ്രമുഖ ആർക്ടെക്ട്‌ ബി.ആർ.അജിത്ത് അസോസിയേറ്റ്സാണ് പ്രാഥമിക പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്. ഭക്തന്റെയും ദേവസ്വം ബോർഡിന്റെയും മൂന്ന് പ്രതിനിധികളെ വീതവും ആർക്കിടെക്ടിനെയും ഉൾപ്പെടുത്തിയ സമിതിയുടെ കീഴിൽ ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന. ഇതിനായി ധാരണാപത്രം തയ്യാറാക്കുകയാണ് ബോർഡ്. പ്രാരംഭപ്രവർത്തനങ്ങൾക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടാനും 250 കോടി നിർവഹണ കമ്മിറ്റിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാൻ നിർദ്ദേശിക്കാനും ബോർഡ് ആലോചിക്കുന്നു. ഭക്തന്റെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

പദ്ധതി

ക്ഷേത്രത്തിനു ചുറ്റും റിംഗ് റോഡ്, കിഴക്കും പടിഞ്ഞാറും അലങ്കാര ഗോപുരങ്ങൾ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്, പാർക്കിംഗ് ഗ്രൗണ്ടുകളുടെ നവീകരണം, പുതിയ അന്നദാനമണ്ഡപം, നവരാത്രി മണ്ഡപം, ഓണക്കുറ്റിച്ചിറ ക്ഷേത്രപുനരുദ്ധാരണം, ഗസ്റ്റ് ഹൗസ് നിർമ്മാണം തുടങ്ങിയവയ്ക്ക് 300 കോടിയും നഗരവികസനത്തിന് 200 കോടിയുമാണ് കണക്കാക്കിയിട്ടുള്ളത്.

ക്ഷേത്രം

കൊച്ചിൻ ദേവസ്വം ബോർഡിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ക്ഷേത്രമാണിത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് വലിയ തോതിൽ ഭക്തർ എത്താറുണ്ട്. സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഭക്തസമൂഹങ്ങളുണ്ട്.

''ഭക്തന്റെ സമർപ്പണമായ 500 കോടി രൂപയുടെ പദ്ധതി ഏറ്റെടുക്കാൻ ഹൈക്കോടതിയുടെ അനുമതിയും തേടും. അത് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികളുണ്ടാകും.

എം.കെ.ശിവരാജൻ,

കൊച്ചിൻ ദേവസ്വം ബോർഡംഗം