madurai-bench

അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും പൊതുപ്രവർത്തകരെയും എന്തു ചെയ്യണം ? ഓരോ അഴിമതിക്കഥയും മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുമ്പോൾ നാം പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. പൊതുജനങ്ങൾ നികുതി നൽകുന്ന പണത്തിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും നൽകി നിലനിറുത്തുന്ന പൊതുസേവകർ ഇതിൽ തൃപ്തരാകാതെ പിന്നെയും പൊതുജനങ്ങളെ കൊള്ളയടിക്കുന്ന ഈ ഏർപ്പാടിന് എന്താണൊരു പ്രതിവിധി ?

നിലവിൽ അഴിമതി നിരോധന നിയമത്തിൽ ഇത്തരക്കാരെ ശിക്ഷിക്കാൻ പര്യാപ്തമായ വകുപ്പുകളും ഇതിനുള്ള സംവിധാനങ്ങളും നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ ഇത്രയൊക്കെ മൂർച്ചയുള്ള നിയമമുണ്ടായിട്ടും അഴിമതിക്ക് കുറവൊന്നുമില്ലെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ജസ്റ്റിസ് എൻ. കൃപാകരനും ജസ്റ്റിസ് ബി. പുകഴേന്തിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഴിമതിയെന്ന രോഗത്തിന് വധശിക്ഷയാണ് നല്ല മരുന്നെന്ന് തുറന്നു പറഞ്ഞു. ചൈനയിലും ഇന്തോനേഷ്യയിലും വടക്കൻ കൊറിയയിലും തായ്ലൻഡിലും നിലവിലുള്ളതു പോലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണം -ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതിയുടെ ധാർമ്മികരോഷം നിറഞ്ഞ ഒരു അഭിപ്രായ പ്രകടനമായി മാത്രം ഇതവസാനിക്കാതിരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര നിയമമന്ത്രാലയം, പാർലമെന്ററി കാര്യ മന്ത്രാലയം എന്നിവയുടെ സെക്രട്ടറിമാരെ സ്വമേധയാ കേസിൽ കക്ഷി ചേർക്കുകയും ചെയ്തു.

അഴിമതി വിളയുന്ന നെല്ല് സംഭരണം

തമിഴ്നാട്ടിലെ നെല്ലു സംഭരണ കേന്ദ്രങ്ങളിൽ വൻ അഴിമതിയാണ് നടക്കുന്നതെന്നും ഓരോ ബാഗ് നെല്ല് സംഭരിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് 30 മുതൽ 40 രൂപ വരെ കൈക്കൂലി നൽകണമെന്ന സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടി എ.പി. സൂര്യപ്രകാശം എന്നൊരു വ്യക്തി നൽകിയ പൊതുതാത്‌പര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇതിനു തമിഴ്നാട് സിവിൽ സപ്ളൈസ് കോർപ്പറേഷൻ നൽകിയ മറുപടി സത്യവാങ്മൂലമാണ് ഏറെ വിചിത്രം. നെല്ലു സംഭരണ കേന്ദ്രങ്ങളിൽ ഒരുതരത്തിലുള്ള അഴിമതിയും നടക്കുന്നില്ലെന്നാണ് സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ സത്യവാങ്മൂലത്തിലെ ആദ്യ വാചകം. എന്നാൽ തൊട്ടടുത്ത വാചകത്തിൽ സ്ഥിതി മാറി.അഴിമതിയില്ലാതാക്കാൻ സംഭരണ കേന്ദ്രങ്ങളിൽ ഇതുവരെ 1725 മിന്നൽ പരിശോധനകൾ നടത്തി 105 ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയെന്നും പറയുന്നു. വാചകങ്ങൾ പരസ്പരം പൊരുത്തപ്പെടാത്ത സത്യവാങ്മൂലത്തിന്റെ ചുവടുപിടിച്ചാണ് ഹൈക്കോടതി അഴിമതിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. അഴിമതി നിരോധന നിയമമെന്ന കേന്ദ്ര നിയമത്തിൽ കുറ്റക്കാരെ ശിക്ഷിക്കാൻ മതിയായ വകുപ്പുകളും സംവിധാനവും നിലവിലുണ്ട്. എന്നിട്ടും അഴിമതിക്ക് ഒരു കുറവുമില്ല. കാൻസർ പോലെ അഴിമതി പടർന്നു പിടിക്കുകയാണ്. ഇതു തടയാൻ ഉചിതമായ നടപടി വേണം. കുറ്റക്കാരായവർക്ക് തൂക്കു കയർ നൽകുന്ന തരത്തിൽ ശിക്ഷ വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. തിരുവള്ളൂർ ജില്ലയിലെ ഒരു നെല്ലു സംഭരണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്ന് രണ്ടു ലക്ഷം രൂപ പിടിച്ചെടുത്തെന്ന മാദ്ധ്യമ വാർത്ത മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പാവപ്പെട്ട കർഷകന്റെ കൈയിൽ നിന്ന് 30 രൂപയും 40 രൂപയുമൊക്കെ കൈക്കൂലിയായി വാങ്ങി സംഭരിച്ച തുകയാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 105 ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയെന്ന റിപ്പോർട്ടിൽ ഇവർ ചെയ്ത കുറ്റമെന്താണെന്നോ ഇവർ ആരൊക്കെയാണെന്നോ ഇവർക്കെതിരെ എന്തു നടപടിയെടുത്തെന്നോ പറയുന്നില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി സിവിൽ സപ്ളൈസ് കോർപ്പറഷൻ വിശദീകരണം നൽകാനുത്തരവിട്ട ഡിവിഷൻ ബെഞ്ച് ഒരു നിർദ്ദേശം കൂടി നൽകി. ഹരിത വിപ്ളവത്തിന്റെ ശില്പി ഡോ. എം.എസ്. സ്വാമിനാഥന്റെ റിപ്പോർട്ട് അനുസരിച്ച് തമിഴ്നാട്ടിലെ കാർഷിക വികസനത്തിന് എന്തൊക്കെ നടപടികളെടുത്തെന്ന് കൃഷി വകുപ്പ് അറിയിക്കണം.

ചൂതാട്ടത്തിനു പരസ്യം : താരങ്ങൾക്ക് നോട്ടീസ്

രാജ്യത്തെ ഓൺലൈൻ ചൂതാട്ട മത്സര ആപ്പുകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്‌ലി, മുൻ ക്യാപ്ടനും ബി.സി.സി.ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലി, ചലച്ചിത്ര താരങ്ങളായ പ്രകാശ് രാജ്, തമന്ന തുടങ്ങിയവർക്ക് നോട്ടീസ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ചൂതാട്ട മത്സരങ്ങൾ വൻ ചൂഷണമാണ് നടത്തുന്നതെന്നും പണം നഷ്ടപ്പെട്ടവർ ആത്മഹത്യ ചെയ്യുന്ന പ്രവണത കൂടി വരികയാണെന്നുമാരോപിച്ച് അഡ്വ. നീലമേഘം തുജയും മുഹമ്മ്ദ് റിസ്‌വിയും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. കൃപാകരൻ, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. രാജ്യത്തിന്റെ പരമാധികാരത്തെ തകർക്കുന്ന തരത്തിലാണ് ഓൺലൈൻ ചൂതാട്ട ഗെയിമുകൾ പെരുകുന്നതെന്നും ഇവയ്ക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഭയമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.ക്രിക്കറ്റ് - സിനിമാ താരങ്ങളുടെ പ്രശസ്തി മുതലെടുത്ത് ഇവരെ ഉപയോഗിച്ചു പരസ്യം ചെയ്ത് യുവാക്കളെ ഇത്തരം ചതിക്കുഴിയിലേക്ക് ആകർഷിക്കുകയാണ് ചൂതാട്ട കമ്പനികൾ ചെയ്യുന്നത്. ഇതു തടയാൻ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം.