കൊച്ചി : എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകൾക്കിടയിലെ തോടു കൈയേറ്റത്തിനെതിരെ തെക്കേ മാലിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഗ്രാമ പഞ്ചായത്തടക്കമുള്ള എതിർകക്ഷികളോടു വിശദീകരണം തേടി. ഹർജിക്കാരുടെ പറമ്പിനു തെക്കുഭാഗത്ത് കൊച്ചി കായലിലേക്ക് നീളുന്ന 60 മീറ്റർ നീളവും നാലുമീറ്റർ വീതിയുമുള്ള പുറമ്പോക്കു തോട് കൈയേറുന്നതു ചൂണ്ടിക്കാട്ടിയാണ് ഹർജി.

പുറമ്പോക്കു തോടിനോടു ചേർന്ന് സമീപവാസികളിൽ ചിലർ കണ്ടൽകാടുവച്ചു പിടിപ്പിച്ചതോടെ നീരൊഴുക്ക് തടസപ്പെട്ടു. 1990ൽ പഞ്ചായത്ത് മുൻകൈയെടുത്ത് സംസ്ഥാന പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തോട്ടിലേക്ക് ഒരു കാന നിർമ്മിച്ചെന്നും പ്ളാസ്റ്റിക് മാലിന്യങ്ങളടക്കം അടിഞ്ഞുകൂടി തോട്ടിലെയും കാനയിലെയും നീരൊഴുക്കു നിലച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിനു പുറമേ എറണാകുളം ജില്ലാ കളക്ടർ, ഫോർട്ടുകൊച്ചി ആർ.ഡി.ഒ, കൊച്ചി തഹസിൽദാർ, പുതുവൈപ്പ് വില്ലേജ് ഒാഫീസർ തുടങ്ങിയവരെയും സ്ഥലം കൈയേറിയെന്നാരോപണം നേരിടുന്ന സ്വകാര്യവ്യക്തികളെയും എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിട്ടുള്ളത്. കൈയേറ്റം ഒഴിപ്പിക്കണമെന്നും പുറമ്പോക്ക് ഭൂമി അളന്നുതിരിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യങ്ങൾ. 15 നു വീണ്ടും പരിഗണിക്കും.