stethoscope

കൊച്ചി : സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പി.ജി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ പ്രോസ്‌പെക്ടസ്, ബോണ്ട് എന്നിവയനുസരിച്ച് ഒരു വർഷത്തെ നിർബന്ധിത സേവനത്തിനു തയ്യാറാകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഒരു വർഷത്തെ സേവനത്തിനു തയ്യാറാകാത്തതിന്റെ പേരിൽ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചു എന്നാരോപിച്ച് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥികൾ നൽകിയ ഹർജി തള്ളിയാണ് സിംഗിൾ ബെഞ്ചിന്റെ വിധി.

2017- 2018 ലാണ് സ്റ്റേറ്റ് മെരിറ്റ് ക്വാട്ടയിൽ ഹർജിക്കാർക്ക് കാരക്കോണം മെഡിക്കൽ കോളേജിൽ പി.ജി പ്രവേശനം ലഭിച്ചത്. തങ്ങൾക്ക് 2019 ഡിംസബർ മുതൽ സ്റ്റൈപ്പന്റ് നൽകുന്നില്ലെന്നും, ഇത്തരത്തിൽ ബോണ്ട് നിർബന്ധമാക്കിയിട്ടുള്ളത് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മാത്രമാണെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഇവരുടെ സേവനം മെഡിക്കൽ കോളേജിന് ആവശ്യമുണ്ടെന്നും പി.ജി വിദ്യാർത്ഥികളിലൊരാൾ ഒരു വർഷത്തെ സേവനം തുടങ്ങിയെന്നും കോളേജ് അധികൃതർ ചൂണ്ടിക്കാട്ടി. നിർബന്ധിത സേവനം സർക്കാർ കോളേജുകൾക്കാണെന്ന വാദം തെളിയിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ലെന്നും, സർക്കാർ,സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് പ്രത്യേക പ്രോസ്‌പെക്ടസില്ലെന്നും ഹൈക്കോടതി വിലയിരുത്തി.