കൊച്ചി: ഓൺലൈനായി ഓർഡർ ചെയ്തത് ടി ഷർട്ട്, കൈയിൽ കിട്ടിയത് ഉപയോഗിച്ച് കീറിയ ബനിയൻ. വില കൂടിയ ഫോൺ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് മരക്കഷണം. ആക്രി സാധനങ്ങൾ വരെ അയച്ചു കൊടുത്ത് പറ്റിക്കുന്ന സംഘങ്ങളുണ്ട്. സോഷ്യൽ മീഡിയ വഴി രാജ്യത്തെ മുൻനിര ഷോപ്പിംഗ് സൈറ്റുകളുടെ വ്യാജ പതിപ്പിറക്കി തട്ടിപ്പുസംഘങ്ങൾ വിലസുന്നു. നിരവധി പേർക്കാണ് പണം നഷ്ടപ്പെട്ടത്.
ഡൽഹി, ജാർഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിൽ. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ വ്യാജപരസ്യം നൽകിയാണ് തട്ടിപ്പു നടത്തുന്നത്. ഗുണനിലവാരമുള്ളവ കുറഞ്ഞ വിലയിലാണ് പരസ്യത്തിലുണ്ടാവുക. വസ്ത്രങ്ങളിൽ കോംബോ ഓഫറുകളാണ് മറ്റൊരു പ്രധാന ആകർഷണം.
കൊവിഡ് പശ്ചാത്തലത്തിൽ ആളുകൾ കൂടുതലായി ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ തട്ടിപ്പും വർദ്ധിക്കുകയാണ്. ഒരുമാസമായി പ്രമുഖ ഓൺലൈൻ സൈറ്റുകൾ വഴി ഷോപ്പിംഗ് പൊടിപൊടിക്കുകയാണ്.
പോപ്പ് അപ്പ് പരസ്യങ്ങൾ സൂക്ഷിക്കുക
സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ പോപ്പ് അപ്പ് മെസേജുകളായാണ് പലപ്പോൾ ഇത്തരം പരസ്യങ്ങൾ എത്തുക. 'ഫിനിഫോക്‌സ് ഫാഷൻ' എന്ന സൈറ്റിൽ നിന്നു സാധനങ്ങൾ ബുക്ക് ചെയ്ത നിരവധി പേർക്കാണ് അടുത്തിടെ പൈസ നഷ്ടപ്പെട്ടത്. ഓർഡർ നൽകിയതിന് ശേഷം കൺഫർമേഷൻ മെസേജും ബന്ധപ്പെടാൻ നമ്പറും ഉൾപ്പെട്ട സന്ദേശം വന്നിരുന്നു. പലർക്കും ഓർഡർ ചെയ്ത സാധനങ്ങൾ ലഭിച്ചില്ല. ചിലർക്ക് ലഭിച്ചതാകട്ടെ സൈറ്റിലെ പടത്തിൽ നിന്നും വ്യത്യാസമുള്ള തുണികളുമാണ്. പരാതികൾ ഉയർന്നതോടെ നിലവിൽ സൈറ്റ് ലഭ്യമല്ല.
ഇവ സൂക്ഷിക്കുക,ശ്രദ്ധിക്കുക
കേട്ടുപരിചയവും കണ്ടുപരിചയവുമുള്ള വെബ്‌സൈറ്റുകളിൽ നിന്നുമാത്രം സാധനങ്ങൾ ഓർഡർ ചെയ്യുക
വെബ് സൈറ്റ് അഡ്രസിലെ അക്ഷരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കണം
പച്ചനിറത്തിലുള്ള പാഡ്‌ലോക്ക് അടയാളം വെബ്‌സൈറ്റ് അഡ്രസിന്റെ മുന്നിൽ ഉണ്ടോയെന്ന് നോക്കുക
വെബ് അഡ്രസ് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം
മുൻനിര ഓൺലൈൻ ഷോപ്പിംഗ് പ്ലേസ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക
ഉത്തരേന്ത്യൻ സംഘങ്ങൾ
ഓൺലൈൻ മുതൽ പണം തട്ടിപ്പുകളിൽ വരെ വിലസുന്ന ഉത്തരേന്ത്യൻ സംഘങ്ങളുണ്ട്. പലപ്പോഴും ലഭിച്ച വിവരങ്ങളുപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുമ്പോഴാവും വ്യാജ വിലാസമാണെന്ന് മനസിലാക്കുക. ഉപഭോക്താക്കളെ ബോധവത്കരിക്കുക മാത്രമാണ് ഏക പോംവഴി.
ഗോപകുമാർ,സർക്കിൾ ഇൻസ്‌പെക്ടർ ,സൈബർ സൈൽ