mullappoo

കൊച്ചി: മുൻ വർഷങ്ങളിൽ ഈ സമയത്ത് പൂക്കാരൻമുക്കിലെ പൂക്കടകളിൽ തിരക്കോട് തിരക്കായിരുന്നു. രാത്രി പത്തു കഴിഞ്ഞും കടകൾ തുറന്നിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ അന്തി മയങ്ങുംമുമ്പേ പൂക്കടകൾക്ക് താഴുവീഴും. കൊവിഡും ലോക്ക് ഡൗണും ഏല്പിച്ച ആഘാതത്തിൽ പൂവിപണി ചതഞ്ഞരഞ്ഞു. ചൂടാൻ ആളില്ലാതെ മുല്ലപ്പൂ വാടിക്കരിഞ്ഞു. വിവാഹചടങ്ങിൽ ആളെണ്ണം കുറഞ്ഞതും പൊതുപരിപാടികളും സ്വകാര്യ ആഘോഷങ്ങളും ഇല്ലാതായതും പൂ വിപണിയുടെ ശോഭകെടുത്തി. ക്ഷേത്രങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ അവിടെയും മുല്ലപ്പൂവിന്റെ സൗരഭ്യമില്ല.വിവാഹ വേദി അലങ്കരിക്കാനും പൂമാലകൾക്കും മറ്റുമായി പൂക്കൾ വിറ്റുപോയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ അതും കുറഞ്ഞു

പൂമണം മാഞ്ഞു

എറണാകുളം നഗരത്തിലും പരിസരത്തുമായി 50 ഓളം പൂക്കടകളാണുള്ളത്. ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതോടെ അധികംപേരും കച്ചവടം അവസാനിപ്പിച്ചു. ആഘോഷങ്ങളെല്ലാം കൊവിഡ് കവർന്നതിനാൽ പൂവിപണിയുടെ കൊയ്ത്തുകാലമായ ഓണക്കാലത്ത് കച്ചവടം ഉണ്ടായില്ല. അത്തംമുതൽ തിരുവോണംവരെ പത്ത് ദിവസങ്ങളിലും ലക്ഷകണക്കിന് രൂപയുടെ വിൽപ്പനയാണ് നടക്കാറുള്ളത്. എന്നാൽ ഇക്കുറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതും സർക്കാർ, അർദ്ധസർക്കാർ ഓഫീസുകളിലടക്കം ആഘോഷങ്ങൾ കുറച്ചതും വിപണിയെ പ്രതികൂലമായി ബാധിച്ചതായി പൂക്കച്ചവടക്കാർ പറയുന്നു. കോയമ്പത്തൂർ, മധുര, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നാണ് മുല്ലപ്പൂ എത്തുന്നത്. നേരത്തെ നിത്യേന പത്ത് പൂവണ്ടികൾ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരേയൊരു വാഹനമാണ് എറണാകുളത്തേക്ക് വരുന്നത്. പറവൂർ മേഖലയിൽ മുല്ലപ്പൂ കൃഷി ഒരിടയ്ക്ക് പച്ചപിടിച്ചുവെങ്കിലും കച്ചവടം നഷ്ടത്തിലായതോടെ കർഷകർ പിൻമാറി.

മുല്ലപ്പൂ സീസൺ കഴിഞ്ഞു

ഒരു മുഴം മുല്ലപ്പൂവിന് 30 രൂപയാണ് ഇപ്പോഴത്തെ വില. നവരാത്രി സമയത്ത് ഇത് 50 - 60 വരെയെത്തിയിരുന്നു. പൂജവയ്പ്പ് വീടുകളിലേക്ക് മാറിയതു കൊണ്ടാണ് ആ സമയത്ത് വില വർദ്ധിക്കാൻ കാരണം. മഹാനവമി കഴിഞ്ഞതോടെ വിലയുമിടിഞ്ഞു. മഞ്ഞുകാലം തുടങ്ങിയതിനാൽ സീസൺ അവസാനിച്ചു. ഇനി മുല്ലമൊട്ടുകൾ വിരിയണമെങ്കിൽ ജനുവരി കഴിയണം.

കച്ചവടം കുറഞ്ഞു

വിവാഹം ഉൾപ്പടെ വിവിധ ആഘോഷങ്ങൾക്കായി ഒരു ദിവസം ശരാശരി 50 കിലോ മുല്ലപ്പൂ ആണ് ഇവിടെ വിറ്റിരുന്നത്. ഇപ്പോൾ ഒരു ദിവസം പത്തു കിലോ പൂ പോലും വിറ്റുപോകുന്നില്ല. മറ്റ് കടകളിലെ അവസ്ഥ ഇതിനെക്കാൾ മോശമാണ്.

വേണു

ഫാഷൻ ഫ്ളവർ മാർട്ട് ഉടമ

പൂക്കാരൻമുക്ക്