• കൊവിഡിലും ലാഭത്തിളക്കം
മുംബയ്:കൊവിഡ് കാലത്തെ ദുരിതങ്ങൾക്കിടയിലും പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് വമ്പൻ ലാഭം. സെപ്തംബർ 30 ന് അവസാനിച്ച ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ ഫലത്തിലാണ് അവിശ്വസനീമായ നേട്ടം.
കഴിഞ്ഞ വർഷത്തേക്കാൾ 51.9 ശതമാനമാണ് വർദ്ധനവ്. 3,011.73 ൽ നിന്ന് 4,574.16 കോടിയായി അറ്റലാഭം.
മൊത്തം വരുമാനം 72,850.75 കോടിയിൽ നിന്ന് 75,341.80 കോടിയായി. പലിശ വരുമാനത്തിലാണ് മികച്ച നേട്ടം. 28,181 കോടി. 14.56 ശതമാനം വളർച്ച.
കൊവിഡിന്റെ അനിശ്ചിതത്വത്തിൽ ബാങ്കുകളുടെ ലാഭസാദ്ധ്യതയെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധർക്ക് കാര്യമായി വിലയിരുത്താൻ കഴിഞ്ഞിരുന്നില്ല. മറ്റ് ബാങ്കുകൾക്കും സമാനമായ ലാഭമുണ്ടാക്കാനായാൽ അത് സാമ്പത്തിക രംഗത്തിന് നല്ല സൂചനയുമാകും.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിഷ്കക്രിയ ആസ്തി മൂല്യത്തിൽ കുറവുണ്ടായെന്നതുമാണ് മറ്റൊരു രസകരമായ വസ്തുത. 1,29,000 കോടിയിൽ നിന്ന് മൂല്യം 1,25,000 കോടിയായി കുറഞ്ഞു.
കൊവിഡ് കാലയളവിൽ വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ ശേഷമാണ് വരുമാനത്തിൽ വർദ്ധനവുണ്ടായത്.
മൊത്തം നിക്ഷേപത്തിലും 14.4 ശതമാനം വർദ്ധനവുണ്ടായി. 34,74,000 കോടി രൂപയാണ് ഈ കാലയളവിലെ നിക്ഷേപമൂല്യം. കറന്റ് അക്കൗണ്ട് നിക്ഷേപം 8.55 ശതമാനവും സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 16.28 ശതമാനവും കൂടി.
ഓഹരിമൂല്യത്തിൽ കുതിപ്പ്
രണ്ടാം പാദ ഫലത്തിൽ മികച്ച നേട്ടമുണ്ടാക്കിയതിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഓഹരികൾക്ക് വില കൂടി. 198 രൂപയായി കുറഞ്ഞ ഓഹരി വില ഇന്നലെ മുംബയ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ 209 രൂപ വരെ രേഖപ്പെടുത്തി.
51.9