കൊച്ചി: ന്യൂനപക്ഷാവകാശങ്ങൾ ജനസംഖ്യാനുപാതികമായി പങ്കിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ക്രിസ്ത്യൻ സെക്യൂലർ പാർട്ടി (ഐ.സി.എസ്.പി.) പ്രക്ഷോഭത്തിലേക്ക്.

സംസ്ഥാനത്തെ ന്യൂനപക്ഷാവകാശങ്ങളിൽ 80 ശതമാനവും കൈയടക്കുന്നത് ഒരുവിഭാഗമാണെന്നും സർക്കാരിന്റെ അമിതമായ മതപ്രീണനമാണിതിന് കാരണമെന്നും ഐ.സി.എസ്.പി സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിൻ, ദേശിയ സെക്രട്ടറി സണ്ണി തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മതപാഠശാലകളിലെ അദ്ധ്യാപകർക്ക് ആനുകൂല്യങ്ങൾ നൽകുകയാണെങ്കിൽ എല്ലാവർക്കും നൽകണം. ഒരു വിഭാഗത്തിന് മാത്രം ഇത്തരം ആനുകൂല്യം നൽകുന്നത് വിവേചനമാണ്. സംസ്ഥാന ന്യൂനപക്ഷ കമ്മിഷനിൽ ക്രിസ്ത്യൻ പ്രാതിനിധ്യമില്ലെന്നത് ഗൗരവമുള്ള വിഷയമാണ്. നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും യുക്തമായ മറുപടി സർക്കാർ നൽകിയിട്ടില്ല. വിവേചനങ്ങൾക്കെതിരെ എല്ലാ വിഭാഗം ക്രിസ്തീയസഭകളെയും പങ്കെടുപ്പിച്ചു ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന് മുന്നോടിയായി ഫെബ്രുവരിയിൽ അവകാശസംരക്ഷണ ജാഥ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.