മൂവാറ്റുപുഴ: രണ്ടര കോടി രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ ഈസ്റ്റ് ഹൈസ്കൂൾ ജംഗ്ഷൻ - മാവും ചുവട് റോഡിലെ വെള്ളക്കെട്ട് അപകട ഭീതിയുയർത്തുന്നു.
സ്കൂൾ ജംഗ്ഷനു സമീപം രൂപപ്പെട്ട വെള്ളക്കെട്ടാണ് ഇരുചക്രവാഹനയാത്രക്കാർക്കടക്കം ഭീഷണിയായത്. തിങ്കളാഴ്ച രാവിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രക്കാരിക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
കുഴി പ്രതീക്ഷിക്കാതെയെത്തുന്നവർ അപകടത്തിൽ പെടുകയാണ് പതിവ് . കഴിഞ്ഞ രാത്രി പെയ്ത മഴയിൽ വൻ വെള്ളക്കെട്ടാണ് ഉയർന്നത്.
വെള്ളക്കെട്ടിന് കാരണം അശാസ്ത്രീയ നിർമ്മാണം
രണ്ടര കോടി രൂപ ചിലവിൽ കഴിഞ്ഞ വർഷം ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്തതാണ് റോഡ്. ഈ ഭാഗത്ത് ഓടയിലേക്ക് വെള്ളമൊഴുകി പോകാൻ സൗകര്യമില്ലാതെ അശാസ്ത്രീയമായി റോഡ് നിർമ്മിച്ചതാണ് വെള്ളക്കെട്ടിന് കാരണമായത് .നിർമ്മാണം നടക്കുമ്പോൾ തന്നെ ഇവിടെ റോഡ് ഉയർത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തു വന്നെങ്കിലും നടപടിയുണ്ടായില്ല. തകർന്നു കിടന്ന റോഡ് ഏറെ ജനകീയ സമരങ്ങൾക്കൊടുവിലാണ് നന്നാക്കിയത്. വെള്ളക്കെട്ടുയരുന്ന ഭാഗത്ത് ഗർത്തം രൂപപെട്ടതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
സമരത്തിനൊരുങ്ങി നാട്ടുകാർ
അപകടംതുടർകഥയായതോടെ മാസങ്ങൾക്ക് മുമ്പ് വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർ കെ.എ.അബ്ദുൽ സലാമിന്റെ നേതത്വത്തിൽ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ നിർദ്ദേശം നൽകിയെങ്കിലും ഇതുവരെ നടപടിയായില്ല . ചെറിയ ജോലിയായതുകൊണ്ട് കരാറുകാർ ഇത്ഏറ്റെടുക്കുവാൻ തയ്യാറാകുന്നില്ല. എന്നാൽപ്രശ്നം പരിഹരിച്ചില്ലങ്കിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.