ആലുവ: കൊച്ചിൻ ബാങ്ക് - എടയപ്പുറം റോഡിലെ വളവിൽ 66 കെ.വി വൈദ്യുതി ടവർ മാറുന്നതോടെ അപകട ഭീതി ഒഴിവാകും. ഇവിടെ പെരിയാർവാലി കനാൽ പുറമ്പോക്കിൽ താമസിക്കുന്നവരുടെ കൈയേറ്റം തടയണമെന്ന് മാത്രം.
കൊച്ചിൻ ബാങ്ക് കവലയിൽ നിന്നും എടയപ്പുറം റോഡിലേക്ക് തിരിഞ്ഞാൽ പെരിയാർവാലി കനാൽ പാലം കടന്നാൽ വലത്തേക്ക് കൊടുംവളവാണ്. റോഡിന് വലതുവശം 100 മീറ്ററോളം പെരിയാർവാലി കനാലാണ്. കനാലിന്റെയും റോഡിന്റെയും ഇടയിലുള്ള ഭാഗത്ത് പത്തോളം കുടിലുകളുണ്ട്. ഇതിനിടയിലാണ് പള്ളിവാസലിൽ നിന്ന് ആലുവയിലേക്ക് വരുന്ന 66 കെ.വി വൈദ്യുതി ടവർ. ആലുവ വൈദ്യുതി സബ് സ്റ്റേഷന്റെ ശേഷി 220 കെ.വിയാക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള ടവറുകൾ മാറ്റുന്നത്. വളവിലുള്ള ടവർ എതിർവശത്ത് സ്വകാര്യസ്ഥാപനത്തിന്റെ സ്ഥലത്തേക്കാണ് മാറ്റുന്നത്. ഇതിനാവശ്യമായ അടിത്തറ ഉൾപ്പെടെ നിർമ്മിച്ചു. പരമാവധി ഒരു മാസത്തിനകം ടവർ നിർമ്മാണം പൂർത്തിയാക്കും.
റോഡിനും പെരിയാർവാലി കനാലിനും ഇടയിലുള്ള ഭാഗത്ത് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഭൂരഹിതർ കുടിലുകൾ കെട്ടിയത്. റോഡിലൂടെ വാഹനത്തിരക്കില്ലാതിരുന്ന കാലമായതിനാൽ നാട്ടുകാരാരും എതിർപ്പുയർത്തിയില്ല. ടവറിരുന്ന ഭാഗത്ത് മാത്രമാണ് കൈയേറ്റമില്ലാതിരുന്നത്. സാമ്പത്തികമായി പുരോഗതി കൈവരിച്ച ചിലർ മറ്റിടങ്ങളിലേക്ക് താമസം മാറ്റിയപ്പോൾ കുടിലുകൾ മറിച്ച് വിറ്റിട്ടുണ്ട്.
കുടിലുകൾ നിലനിൽക്കുന്നതിനാൽ എതിർദിശയിൽനിന്നും വാഹനങ്ങൾ വരുന്നതുപോലും കാണാനാകില്ല. വളവിൽ കാൽനടയാത്രയും ദുരിതമാണ്. അപകടവും പതിവാണ്. ടവർ മാറ്റുന്ന ഭാഗം റോഡിന്റെ ഭാഗമാക്കിയാൽ വാഹന - കാൽനട യാത്രക്കാർക്ക് ഭയരഹിതമായി സഞ്ചരിക്കാം. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി.
നടപടിയെടുക്കും
എടയപ്പുറം റോഡിലെ വൈദ്യുതി ടവർ ഇരുന്ന സ്ഥലം പൊതുമരാമത്ത് വകുപ്പ് റോഡിന്റെ വികസനത്തിനായി ഉപയോഗിക്കും. ഈ ഭാഗം കൈയേറാൻ ആരെയും അനുവദിക്കില്ല. കെ.എസ്.ഇ.ബിയെയും പി.ഡബ്ള ്യു.ഡിയെയും ബന്ധപ്പെട്ട് ആവശ്യമായ നടപടി ഉടൻ സ്വീകരിക്കും.
കെ.എ. രമേശ്,
കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ്
ടവർ നീക്കം ചെയ്യും
എടയപ്പുറം റോഡിലെ നിലവിലുള്ള ടവർ കെ.എസ്.ഇ.ബി പൂർണമായും ഒരു മാസത്തിനകം നീക്കം ചെയ്യും. ടവർ നീക്കം ചെയ്യുന്ന ഭാഗം റോഡിന്റെ വികസനത്തിനായി പഞ്ചായത്തിനോ പി.ഡബ്ള ്യു.ഡിക്കോ ഉപയോഗപ്പെടുത്താം.
ബിജു കെ. ഉമ്മൻ,
അസി.എക്സി എൻജിനിയർ