കൊച്ചി: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ചമ്പക്കര സർക്കാർ മഹിളാമന്ദിരത്തിലെ അന്തേവാസികളായ മൂന്ന് യുവതികൾ ഇന്നലെ വിവാഹിതരായി. കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിനാണ് യുവതികളുടെ കൈ പിടിച്ചുകൊടുത്തത്. അമൃതയെ അനിൽകുമാറും സംഗീതയെ രാജ്നാരായണനും മഹേശ്വരിയെ സനോജുമാണ് ജീവിതപങ്കാളയാക്കി. രാവിലെ ചമ്പക്കര ഗന്ധർവസ്വാമി ക്ഷേത്രത്തിലായിരുന്നു മിന്നുകെട്ട്. ചടങ്ങുകൾ ചമ്പക്കര സെന്റ് ജെയിംസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തി. വിഭവസമൃദ്ധായ സദ്യ ഒരുക്കിയിരുന്നു.
ഡിവിഷൻ കൗൺസിലർ വി.പി. ചന്ദ്രൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. വിവാഹനടത്തിപ്പിനായി സാമൂഹ്യനിതി വകുപ്പ് ഒരോ ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ഈ തുക കൊണ്ട് പുതുമണവാട്ടികൾക്ക് സ്വർണം വാങ്ങി. മറ്റു ചെലവുകൾ സുമനസുകൾ എറ്റെടുത്തു. മണവാട്ടിമാർക്കും മഹിളാ മന്ദിരത്തിലെ മറ്റ് അന്തേവാസികൾക്കും ധരിക്കാനുള്ള പുതുവസ്ത്രങ്ങൾ മേയറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. മാർട്ടിനും എത്തിച്ചിരുന്നു. മന്ദിരത്തിലെ മുഴുവൻ അന്തേവാസികൾക്കും വിവാഹദിനത്തിൽ ധരിക്കാനുള്ള വസ്ത്രങ്ങൾ ജില്ലാ കളക്ടർ എസ്. സുഹാസും സമ്മാനിച്ചിരുന്നു. മണവാട്ടികൾക്കുള്ള പുടവയുമായി റോട്ടറി ക്ലബ്ബ് തൃപ്പൂണിത്തുറ പ്രസിഡന്റ് ബിന്ദു മോഹന്റെ നേതൃത്വത്തിൽ പ്രവർത്തകർ വിവാഹത്തലേന്നെത്തി. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, വി.പി. ചന്ദ്രൻ, പി.ഡി. മാർട്ടിൻ, എ.ബി. സാബു, മഹിളാമന്ദിരം സൂപ്രണ്ട് ബീന എസ്.ആർ തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തു.
സ്വസ്ഥമായി ജീവിക്കാൻ ഒരിടം
വിധവകൾ, അഗതികൾ, അശരണരായ സ്ത്രീകൾ, വിവാഹമോചിതരായ സ്ത്രീകൾ എന്നിവർക്ക് സർക്കാർ മഹിളാമന്ദിരം സംരക്ഷണവും തൊഴിൽ പരിശീലനവും നൽകുന്നു. തുണിസഞ്ചി നിർമ്മാണ യൂണിറ്റ് ഉൾപ്പടെ വിവിധ സംരംഭങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അനാഥാലയങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ എന്നിവിടങ്ങളിൽ നിന്ന് 18 വയസ് പൂർത്തിയാകുന്ന കുട്ടികളെയും ഇവിടെയാണ് സംരക്ഷിക്കുന്നത്. ഇത്തരത്തിലുള്ള 23 പേരാണ് മഹിളാ മന്ദിരത്തിലുള്ളത്.വിവാഹ പ്രായമാകുന്നവർക്ക് ആലോചന വരുന്നതനുസരിച്ച് വിശദാംശങ്ങൾ വനിതാ ശിശു വികസന വകുപ്പിലേക്ക് റിപ്പോർട്ട് ചെയ്യുകയും വരന്റെ ജില്ലയിലെ ജില്ലാ പ്രൊബേഷൻ ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവാഹം ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്.