കോലഞ്ചേരി: സവാള വിലയിൽ ചാഞ്ചാട്ടം. വില പിടി വിടുമെന്നോർത്ത് ഈജിപ്തിൽ നിന്ന് സവാള എത്തിച്ചെങ്കിലും വില സ്ഥിരത കമ്മി.
മൊത്ത വില 80 വരെ ഉയർന്നെങ്കിലും ഇന്നലെ കോയമ്പത്തൂർ മാർക്കറ്റിൽ 60 നാണ് ലേലം നടന്നത്. ഈജിപ്ത്, തുർക്കി സവാളകൾ ഇറക്കുമതി ചെയ്തെങ്കിലും രുചിയും ഗുണവും പോരെന്നാണ് ഹോട്ടലുകാരുടെ നിലപാട്.
വലിയ വലിപ്പവും നിറം കണ്ടാൽ ആരും ഇവ വാങ്ങിപ്പോകും. ജലാംശം കൂടുതലാണ്. കറികൾക്കായി വഴറ്റുമ്പോൾ സമയ നഷ്ടവുമേറെയുണ്ടത്രെ. നാളുകൾ കേടു കൂടാതെ സൂക്ഷിക്കാൻ കഴിയുമെന്നതാണ് ആകെയുള്ള ഗുണം.
ഈജിപ്തിൽ നിന്ന് മുംബൈയിലിറക്കി മംഗലാപുരം വഴിയാണ് കേരളത്തിലെത്തുന്നത്. ഒരു സവാളയ്ക്ക് അര കിലോ മുതൽ മുകളിലോട്ടാണ് തൂക്കം. മൊത്തവില 40 രൂപയായിട്ടുപോലും ഇറക്കുമതി ചെയ്ത സവാളയ്ക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയാണെന്ന് കോയമ്പത്തൂർ മാർക്കറ്റിലെ മൊത്തവ്യാപാരികൾ പറയുന്നു.
കേരളത്തിലെ കച്ചവടക്കാർ എടുക്കാൻ വിമുഖത കാണിക്കുന്നതിനാൽ വില്പന കുറവാണ്.