കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയിലെ എൻ.ഡി.എ ഒരുക്കം പൂർത്തിയായതായി മുന്നണി നേതൃത്വം. പ്രധാന കക്ഷികളായ ബി.ജെ.പിയും ബി.ഡി.ജെ.എസും ശക്തമായ മുന്നൊരുക്കമാണ് നടത്തുന്നത്. കൊച്ചി കോർപ്പറേഷനിലും ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലും സീറ്റ് ധാരണ 90 ശതമാനവും പൂർത്തിയാക്കി. ഇരു പാർട്ടികളും സ്വന്തം നിലയിലും സംയുക്തമായും പ്രവർത്തകയോഗങ്ങൾ ചേർന്ന് കഴിഞ്ഞു.
വാർഡ് കമ്മറ്റികളിലൂടെ ബി.ജെ.പി
ആറ് മാസമായ ബി.ജെ.പി പ്രവർത്തകർ ജനസമ്പർക്കത്തിലാണ്. ആകെ 1,833 വാർഡുകളിൽ 1,600 ലും മാനേജ്മെന്റ് കമ്മിറ്റികൾ സജീവമായി. ജില്ലയിലെ പകുതി സീറ്റുകളിലെങ്കിലും ജയിക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു. പുതിയതായി ഒരു ലക്ഷത്തോളം വോട്ടുകൾ ചേർത്തുകഴിഞ്ഞു. ക്രിസ്ത്യൻ സമൂഹത്തിൽ നിന്ന് ധാരാളം പേർ വരുന്നതാണ് എടുത്തുപറയേണ്ടത്. കുട്ടമ്പുഴ പഞ്ചായത്തിൽ ആദിവാസി സമൂഹത്തിൽ നിന്നാണ് നിരവധിപേർ പാർട്ടിയിൽ ചേർന്നത്.
കൊച്ചി കോർപ്പറേഷനിൽ 32 സീറ്റുകളിൽ ജയിക്കുകയാണ് ലക്ഷ്യം. അഞ്ച് പ്രമുഖർ സ്വതന്ത്ര സ്ഥാനാർത്ഥികളാകും. മൂന്നിലേറെ നഗരസഭകളിലും 15 പഞ്ചായത്തുകളിലും ബി.ജെ.പി ഭരണം പിടിച്ചെടുക്കും. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷ് ജില്ലയിൽ അഞ്ച് തവണ പ്രവർത്തകയോഗത്തിൽ പങ്കെടുക്കാനെത്തി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ എന്നിവരും പലതവണ ജില്ലയിലെത്തി. ബി.സി.ജെ.എസുമായി സീറ്റ് ധാരണ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.
ഭാരവാഹികളെ നേരിൽക്കണ്ട് തുഷാർ വെള്ളാപ്പള്ളി
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് ഭാരവാഹികളെ ഉൾപ്പെടെ മണ്ഡലം അടിസ്ഥാനത്തിൽ നേരിൽക്കണ്ട് പ്രവർത്തനം ചർച്ച ചെയ്ത് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ജില്ലയിലെ 14 മണ്ഡലങ്ങളിലെയും ഭാരവാഹികളുടെ യോഗം വൈപ്പിനിൽ നടന്നു. എൻ.ഡി.എയെന്ന നിലയിൽ മത്സരിക്കുന്ന വാർഡുകളുടെ വിഭജനം ഏതാണ്ട് പൂർത്തിയായി. ജില്ലയിലെ 30 ശതമാനം സീറ്റുകളിൽ ബി.ഡി.ജെ.എസ് മത്സരിക്കും. കൊച്ചി കോർപ്പറേഷനിൽ 20 - 22 സീറ്റുകളിലാണ് മത്സരിക്കാൻ ധാരണയാകുന്നത്. തൃപ്പുണിത്തുറ ഉൾപ്പെടെ നഗരസഭകളിലും പഞ്ചായത്തുകളിലും ബി.ഡി.ജെ.എസ് മത്സരിക്കും.
എസ്.എൻ.ഡി.പി യോഗം, കെ.പി.എം.എസ് സംഘടനകൾക്ക് മുൻതൂക്കമുള്ള സ്ഥലങ്ങളിൽ മത്സരിക്കാനാണ് ധാരണ. ബി.ജെ.പിയുടെയും ബി.ഡി.ജെ.എസിന്റെയും ജില്ലാ - മണ്ഡലം ഭാരവാഹികളുടെ സംയുക്ത യോഗങ്ങൾ ചേർന്നു. ജില്ലാതല സംയുക്ത യോഗങ്ങളിൽ കെ. സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും മണ്ഡലം തല യോഗങ്ങളിൽ ബി.ജെ.പു ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണനും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.ബി.ജയപ്രകാശും പങ്കെടുത്തു. അഴിമതിരഹിത കേരളത്തിനായി എൻ.ഡി.എക്ക് വോട്ട് ചെയ്യുക എന്ന പോസ്റ്റർ ബി.ഡി.ജെ.എസ് പുറത്തിറക്കി. സ്ഥാനാർത്ഥികളെ നിർണയിക്കുന്നത് തുടരുകയാണ്. ജില്ലയിലെ അടിത്തട്ട് വരെ പ്രവർത്തനം സജീവമാക്കിയതായി എൻ.ഡി.എ നേതാക്കൾ പറഞ്ഞു.