കൊവിഡ് ശ്രീ ശക്തി ചലഞ്ച് പുരസ്കാരം കൊച്ചിയിലെ വനിതാ സ്റ്റാർട്ടപ്പിന്
കൊച്ചി: രാജ്യത്തിന്റെ വികസനത്തിൽ ജനകീയപങ്കാളിത്തം ഒരുക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച വേദിയായ മൈ ജി.ഒ.വിയും ഐക്യരാഷ്ട്രസഭയുടെ യു.എൻ വിമണും സംയുക്തമായി സംഘടിപ്പിച്ച കൊവിഡ് 19 ശ്രീശക്തി ചലഞ്ച് മത്സരത്തിൽ മൂന്നാം സ്ഥാനം കൊച്ചിയിലെ വനിതാ സ്റ്റാർട്ടപ്പിന് ലഭിച്ചു. തൃക്കാക്കരയിലെ തന്മാത്ര ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡിനാണ് അഞ്ചു ലക്ഷം രൂപ സമ്മാനം.
തന്മാത്രയുടെ പ്രോഡ്രക്ട് മാനേജരും സഹസ്ഥാപകരുമായ ഡോ. അഞ്ജന രാംകുമാർ, ഡോ. അനുഷ്‌ക അശോകൻ എന്നിവരുടെ കണ്ടുപിടുത്തമാണ് അവാർഡിന് അർഹമായത്.
ആന്റി മൈക്രോബിയൽ ശേഷിയുള്ള 'ലിക്വിഡ് മാസ്ക് ' എന്ന ലായനിയാണ് വികസിപ്പിച്ചത്. ലായനി മാസ്കുകളിൽ സ്‌പ്രേ ചെയ്ത് ഉണക്കി മിനിട്ടുകൾക്കകം ഉപയോഗിക്കാം. 70 ശതമാനം ആൽക്കഹോൾ അടങ്ങിയ ലായനി 99.9 ശതമാനം വൈറസുകളെ നശിപ്പിക്കും.
സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതത്തിന് സഹായിക്കുന്ന ഉത്പന്നങ്ങൾ വികസിപ്പിക്കുന്ന മോളികുലർ ബയോസയൻസ് കമ്പനിയാണ് തന്മാത്ര.
മത്സരം ഘട്ടങ്ങളായി
കഴിഞ്ഞ ഏപ്രിലിലാണ് ശ്രീശക്തി ചലഞ്ച് ആരംഭിച്ചത്. ആശയം കണ്ടെത്തൽ, പ്രവർത്തനക്ഷമത തെളിയിക്കൽ എന്നീ ഘട്ടങ്ങളായാണ് ചലഞ്ച്. ആദ്യഘട്ട സ്‌ക്രീനിംഗിൽ 25 പേരെ തിരഞ്ഞെടുത്തു. അടുത്തഘട്ടത്തിൽ 11 പേരായി. ഇവർക്ക് ആശയം വികസിപ്പിക്കാൻ 75,000 രൂപ വീതം നൽകി. ഒക്ടോബർ 27 നായിരുന്നു അന്തിമ അവതരണം.
ഒന്നാമത് ബംഗളൂരു കമ്പനി
ബംഗളൂരു ആസ്ഥാനമായ റേസാദ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഒന്നാംസ്ഥാനം നേടിയത്. സ്ഥാപകയായ ഡോ. പി. ഗായത്രി ഹേല കൈകൾ അണുവിമുക്തമാക്കുന്ന നോൺ ആൽക്കഹോളിക് ഹാൻഡ് സാനിറ്റൈസറാണ് വികസിപ്പിച്ചത്.
ഷിംല ആസ്ഥാനമായ ഐഹീൽ ഹെൽത്ത് ടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് രണ്ടാംസ്ഥാനം. സ്ഥാപകയായ റോമിത ഘോഷ് പി.പി.ഇ കിറ്റുകളാണ് നിർമ്മിച്ചത്. കിറ്റ്, മാസ്‌ക്കുകൾ എന്നിവ പുനരുപയോഗിക്കാൻ യുവി സ്റ്റെറിലൈസേഷൻ ബോക്‌സും റോമിത നിർമ്മിച്ചു.