road
ആലുവ നഗരസഭ 24 -ാം വാർഡിൽ തോട്ടക്കാട്ടുര പെരിയാർ നഗർ റോഡ് നവീകരണം തടസപ്പെടുത്തുന്നതായി ആരോപിച്ച് കൗൺസിലർ ശ്യാം പത്മനാഭന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡിൽ കുത്തിയിരിക്കുന്നു

ആലുവ: തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയതോടെ നഗരസഭയിൽ റോഡ് നവീകരണത്തിന്റെ പേരിൽ ഭരണ - പ്രതിപക്ഷ തർക്കം. ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പ്രതിപക്ഷാംഗങ്ങളുടെ വാർഡുകളിലെ നവീകണം ഭരണപക്ഷം തടയുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ ആരോപണത്തിന് പിന്നിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പാണെന്ന് ഭരണപക്ഷവും ആരോപിക്കുന്നു.

തോട്ടക്കാട്ടുകരയിൽ നഗരസഭ 24 -ാം വാർഡിൽ പെരിയാർ നഗർ റോഡ് നവീകരണവുമായാണ് തർക്കവും ഉപരോധവും കുത്തിയിരിപ്പുമെല്ലാം നടക്കുന്നത്. വാർഡ് സഭയും വികസന സെമിനാറും കൗൺസിൽ യോഗവും അംഗീകരിച്ച ശേഷം ഏഴ് ലക്ഷം രൂപ ചെലവിൽ റോഡ് ടൈൽ വിരിക്കുന്നതിന് എട്ട് മാസം മുമ്പ് നഗരസഭ ടെണ്ടർ ചെയ്തു. എന്നാൽ കരാറുകാരനുമായി എഗ്രിമെന്റ് വയ്ക്കാത്തതിനാൽ ഇതുവരെ നിർമ്മാണം നടന്നില്ല. നല്ല ടാറിംഗ് റോഡ് പൊളിച്ച് ടൈൽ വിരിക്കേണ്ടതില്ലെന്നും വെള്ളം പോകുന്നതിന് സൗകര്യമില്ലെന്നുമായിരുന്നു എ.ഇയുടെ നിലപാട്. കഴിഞ്ഞ ദിവസം നഗരസഭ സെക്രട്ടറി, എൻജിനിയർ, എ.ഇ എന്നിവരെ ഉപരോധിച്ചപ്പോൾ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കാൻ ധാരണയായി. സ്ഥലം സന്ദർശിച്ച കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിൽ ജലസംഭരണി നിർമ്മിച്ച് നിർമ്മാണം ആരംഭിക്കണമെന്ന നിർദ്ദേശമുണ്ടായെങ്കിലും അതും എ.ഇ അംഗീകരിച്ചില്ല. റോഡ് റീ ടാറിംഗ് നടത്താമെന്ന നിലപാടിലായിരുന്നു എ.ഇ. നഗരസഭയിലെ ഭരണപക്ഷത്തിന്റെ താതാപര്യമാണ് എ.ഇ സംരക്ഷിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.

സമാനമായ സാഹചര്യത്തിൽ റോഡിൽ ജലസംഭരണി നിർമ്മിച്ച് നഗരത്തിലെ നിരവധി റോഡുകൾ ടൈൽ വിരിച്ചതായും പ്രതിപക്ഷം ആരോപിക്കുന്നു. തിങ്കളാഴ്ച്ചക്കകം അനുകൂല തീരുമാനമെടുക്കാമെന്ന വാഗ്ദാനം പാലിക്കാത്തതിനെതിരെ വാർഡ് കൗൺസിലർ ശ്യാം പദ്മനാഭന്റെ നേതൃത്വത്തിൽ ഡോ. സജിത്ത്, ജോണി, തമ്പി, രാധകൃഷ്ണൻ, ബോസ്, ടോമി, ഫിറോസ് എന്നിവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കൗൺസിലറുടെ ആരോപണം അടിസ്ഥാനരഹിതം

കൗൺസിലറുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സൺ ലിസി എബ്രഹാം പറഞ്ഞു. നിയമാനുസൃതമായ നടപടികളാണ് നഗരസഭ എൻജിനിയറിംഗ് വിഭാഗം കൈകൊള്ളുന്നത്. ഇതിനെ രാഷ്ട്രീയമായി പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വാർഡിലേക്ക് അനുവദിച്ച തുക നഷ്ടമാകാതിരിക്കാൻ ഇതേവാർഡിൽ തന്നെ തകർന്ന് കിടക്കുന്ന ഷാഡി ലൈൻ നവീകരിക്കാനുള്ള നിർദ്ദേശവും കൗൺസിലർ അംഗീകരിക്കുന്നില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.