തൃക്കാക്കര : വർഷങ്ങളായി കാത്തിരുന്ന പട്ടയം സ്വന്തമായതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ജില്ലയിലെ 214 കുടുംബങ്ങൾ. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി നടത്തിയ പട്ടയമേളയുടെ ഭാഗമായാണ് ഇവർക്ക് പട്ടയം അനുവദിച്ചത്. ഇതിൽ 44 പട്ടയങ്ങൾ താലൂക്ക് തലത്തിൽ അനുവദിച്ചതും 49 എണ്ണം ദേവസ്വം പട്ടയങ്ങളും ബാക്കിയുള്ളവ ലാൻഡ് ട്രിബ്യൂണൽ വഴി അനുവദിച്ച പട്ടയങ്ങളുമാണ്.
മൂവാറ്റുപുഴ താലൂക്കിൽ ആറു പട്ടയങ്ങളും കോതമംഗലം താലൂക്കിൽ പത്ത് പട്ടയങ്ങളും പറവൂർ താലൂക്കിൽ അഞ്ച് പട്ടയങ്ങളും കുന്നത്തുനാട് ആറ്, കൊച്ചി ഒമ്പത്, ആലുവ മൂന്ന് എന്നിങ്ങനെയാണ് താലൂക്കുതലത്തിൽ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം.
# കോഓപ് മാർട്ട് ഔട്ട് ലെറ്റ് പെരുമ്പാവൂരിൽ തുറന്നു
കേരളത്തിലെ സഹകരണ മേഖലയിലെ ഉത്പന്നങ്ങൾ ഏകീകൃത ബ്രാൻഡിൽ. ഉത്പന്നങ്ങളുടെ വിപണനകേന്ദ്രമായ കോഓപ് മാർട്ട് ഔട്ട് ലെറ്റ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പെരുമ്പാവൂരിലാണ് ഔട്ട് ലെറ്റ് തുറന്നത്. എൽദോസ് കുന്നപ്പിള്ളി എം എൽ എ ആദ്യ വില്പന നടത്തി. പരീക്ഷണാടിസ്ഥാനത്തിൽ നാല് കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കോഓപ് മാർട്ട് ഔട്ട് ലെറ്റുകൾ സംസ്ഥാനത്താകെ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
75 സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന ഇരുനൂറിലധികം വ്യത്യസ്ത ഉത്പന്നങ്ങളാണ് വിപണനത്തിനുള്ളത്. കയർ, കൈത്തറി, ക്ഷീര, മത്സ്യ, ഖാദി, കശുഅണ്ടി മേഖലയിലെ ഉത്പന്നങ്ങളും ഭാവിയിൽ മാർട്ടിലൂടെ ലഭ്യമാക്കും. വെളിച്ചെണ്ണ, ശർക്കര, അരി, ആട്ട, ഗോതമ്പ് , റവ, മൈദ, ചായപ്പൊടി, പാൽ, നെയ്യ്, പച്ചക്കറി വിത്തുകൾ, തുണിത്തരങ്ങൾ, സോപ്പുകൾ, ചെരുപ്പുകൾ തുടങ്ങിയവ വിപണിയിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോ. രജിസ്ട്രാർ സജീവ് . എം. കർത്താ, ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹൻ, ഒക്കൽ സഹകരണ ബാങ്ക് സെക്രട്ടറി അഞ്ജു ടി.എസ് എന്നിവർ പങ്കെടുത്തു.