കൊച്ചി: പ്രതിയെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കും മുമ്പ് നിർദിഷ്ട സമയത്തിനുള്ളിൽ മെഡിക്കൽ പരിശോധന നടത്തണമെന്നും ഇതിന് ഡോക്ടർ കാലതാമസം വരുത്തരുതെന്നുമുള്ള ഉത്തരവിറക്കിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
അറസ്റ്റ് ചെയ്ത പ്രതികളുടെ മെഡിക്കൽ പരിശോധനയ്ക്ക് മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്ന ഹർജിയിലാണ് സ്റ്റേറ്റ് അറ്റോർണി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഒക്ടോബർ 31ന് ആഭ്യന്തര വകുപ്പിറക്കിയ ഉത്തരവിന്റെ പകർപ്പും ഹാജരാക്കി. കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ കെ. പ്രതിഭ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
മാർഗ നിർദ്ദേശങ്ങളിൽ ചിലത്
റിമാൻഡ് പ്രതിയുടെ മെഡിക്കൽ പരിശോധന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശപ്രകാരം നടത്തണം
സമ്പൂർണ മെഡിക്കൽ പരിശോധനാഫലം വരുന്നതുവരെ ഇയാളെ ജയിലിൽ പ്രത്യേകം പാർപ്പിക്കണം
പ്രതിയെ ജുഡിഷ്യൽ കസ്റ്റഡിയിലാണോ പൊലീസ് കസ്റ്റഡിയിലാണോ വിട്ടതെന്ന് പ്രത്യേകം ഡോക്ടറെ അറിയിക്കണം
മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ കാലതാമസം വരുത്താതെ റിപ്പോർട്ട് നൽകണം
എച്ച്.ഐ.വി പോസിറ്റീവ് സംശയിക്കുന്ന രോഗികളെ പൊലീസ് അകമ്പടിയോടെ ഇന്റഗ്രേറ്റഡ് ടെസ്റ്റിംഗ് ആൻഡ് കൗൺസലിംഗ് സെന്ററിലേക്ക് മാറ്റണം
രക്തപരിശോധനയുടെ ഫലം 24 മണിക്കൂറിനകം നൽകണം