ആലുവ: ആലുവ നഗരസഭ 24 -ാം വാർഡിൽ നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. ഇന്നലെ വൈകിട്ട് വാർഡ് പ്രസിഡന്റ് കെ.കെ. മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഏകകണ്ഠമായിട്ടാണ് ലിസി എബ്രഹാമിന്റെ പേര് സ്ഥാനാർത്ഥിയായി ശുപാർശ ചെയ്തത്. മണ്ഡലം പ്രസിഡന്റ് മുഹമ്മദാലി, ബ്ളോക്ക് ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് സഹീർ, ബാബു കൊല്ലംപറമ്പിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
11 -ാം വാർഡിൽ അഡ്വ. ടി.എസ്. സാനു, സുധീഷ് കാട്ടുങ്ങൽ എന്നിവരുടെ പേരാണ് ഇന്നലത്തെ വാർഡ് യോഗത്തിൽ പരിഗണനക്ക് വന്നത്. നിലവിലുള്ള കൗൺസിലർ സൗമ്യ കാട്ടുങ്ങല്ലിന്റെ ഭർത്താവാണ് സുധീഷ്. അതേസമയം മുൻ യൂത്ത് കോൺഗ്രസ് നേതാവാണ് ടി.എസ്. സാനു. 30 വർഷത്തോളമായി പൊതുരംഗത്തുള്ള സാനു തികഞ്ഞ എ ഗ്രൂപ്പുകാരനാണ്. ഭാര്യ കൗൺസിലറായ വാർഡിൽ ഭർത്താവിനെയും തിരിച്ചും സ്ഥാനാർത്ഥിത്വത്തിനായി പരിഗണിക്കരുതെന്ന കെ.പി.സി.സി നിർദ്ദേശം സുധീഷിന് വിനയാകാനാണ് സാധ്യത. മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ, ജനറൽ സെക്രട്ടറി അജ്മൽ കാമ്പായി എന്നിവർ നിരീക്ഷകരായി പങ്കെടുത്തു.