പളളുരുത്തി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പടിഞ്ഞാറൻ കൊച്ചിയിൽ യു.ഡി.എഫിൽ കല്ലുകടി തുടങ്ങി. സീറ്റ് നൽകിയില്ലെങ്കിൽ കൂട്ടായ്മ രൂപീകരിച്ച് മത്സര രംഗത്ത് വരുമെന്ന അവസ്ഥയായി. ഘടക കക്ഷികളിൽ ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്നിവരാണ് സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കോൺഗ്രസ് വിട്ട് വീഴ്ചക്ക് തയ്യാറാകാത്ത സ്ഥിതിയാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊച്ചി നഗരസഭയിൽ സി.എം.പിക്ക് സീറ്റ് നൽകിയിരുന്നില്ല.എന്നാൽ ഇത്തവണ സീറ്റ് വേണമെന്നാണ് ഇവർ നിർബന്ധം പിടിക്കുന്നത്. കേരള കോൺഗ്രസ് ഒന്നായി നിന്നപ്പോൾ ഒരു സീറ്റ് പടിഞ്ഞാറൻ മേഖലയിൽ നൽകിയിരുന്നു.എന്നാൽ പാർട്ടി പിളർന്ന സാഹചര്യത്തിൽ ഈ സീറ്റ് കോൺഗ്രസ് നൽകില്ലെന്നാണ് വിവരം.ആർ.എസ്.പിക്ക് കഴിഞ്ഞ തവണ ഒരു സീറ്റ് നഗരമേഖലയിൽ നൽകിയിരുന്നു.കൊച്ചിയിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് വന്ന സാഹചര്യത്തിൽ ഘടകകക്ഷികൾ വിട്ട് പോയ ഒഴിവിലേക്ക് ഒരു സീറ്റ് അധികമായി നൽകണമെന്നാണ് പാർട്ടി ആവശ്യം. കോൺഗ്രസ് കഴിഞ്ഞ തവണ തോറ്റ എട്ടാം ഡിവിഷനിലാണ് സീറ്റ് ആവശ്യപ്പെടുന്നത്. എന്നാൽ കോൺഗ്രസ് പച്ചക്കൊടി കാണിക്കാത്ത സ്ഥിതിയാണ്. അങ്ങനെ വന്നാൽ വികസന മുന്നണി രൂപീകരിച്ച് നഗരസഭയുടെ പല ഡിവിഷനുകളിലും മത്സരിക്കാനുള്ള ഒരുക്കമാണ് ആർ.എസ്.പി നടത്തുന്നത്. ഘടകകക്ഷികളെയും ബി.ജെ.പിയിലെ അതൃപ്തരായവരെയും ഒപ്പം കൂട്ടി ശക്തമായ നീക്കം നടത്താനാണ് ആലോചന. ആർ.എസ്.പി ഇത്തരത്തിൽ നീക്കം നടത്തിയാൽ അത് യു.ഡി.എഫിന് വലിയ തലവേദനയായി മാറുന്ന സ്ഥിതിയിലെത്തും.