കൊച്ചി : രണ്ടുതവണ തുടർച്ചയായി സംവരണസീറ്റായിരുന്ന തദ്ദേശഭരണ വാർഡുകൾ വീണ്ടും സംവരണ വാർഡാക്കി മാറ്റുന്നതു വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇതൊഴിവാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്വന്തം വാർഡിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ മാത്രമല്ല പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടാനും വോട്ടർക്ക് അവകാശമുണ്ടെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. എറണാകുളം കാലടി പഞ്ചായത്തിലെ രണ്ടാംവാർഡും പാലാ നഗരസഭയിലെ ആറാം ഡിവിഷനും തുടർച്ചയായി മൂന്നാംതവണയും സംവരണ വാർഡാക്കി തിരഞ്ഞെടുപ്പു കമ്മിഷൻ ഇറക്കിയ ഉത്തരവു റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി.
കാലടി സ്വദേശിയായ കെ.ടി. എൽദോസ്, കീഴ്‌തടിയൂർ സ്വദേശി സെബാസ്റ്റ്യൻ എന്നിവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 2010ൽ പട്ടികജാതി സംവരണ വാർഡായിരുന്ന രണ്ടു വാർഡുകളും കഴിഞ്ഞതവണ വനിതാസംവരണ വാർഡായിരുന്നു. ഇത്തവണ നറുക്കെടുത്തപ്പോൾ വീണ്ടും വനിതാ സംവരണവാർഡായി. തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഒരുവാർഡ് തുടർച്ചയായി ഒരേവിഭാഗത്തിലെ സംവരണ വാർഡാക്കി മാറ്റരുതെന്നാണ് നിയമത്തിൽ പറയുന്നതെന്നും തുടർച്ചയായി വ്യത്യസ്തസംവരണ വാർഡുകളാക്കി മാറ്റുന്നതിന് നിയമപരമായി വിലക്കില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ ചൂണ്ടിക്കാട്ടി. പഞ്ചായത്തിരാജ്, മുനിസിപ്പൽ നിയമപ്രകാരം 50 ശതമാനം വാർഡുകളിൽ സ്ത്രീകൾക്ക് സംവരണമുണ്ട്. കഴിഞ്ഞതവണ വനിതാ സംവരണമായിരുന്ന വാർഡുകൾ ജനറൽ വാർഡാക്കി മാറ്റിയശേഷം ശേഷിച്ചവയിലാണ് സംവരണ വാർഡുകൾ കണ്ടെത്താൻ നറുക്കെടുക്കുന്നത്. അതിനാൽ തുടർച്ചയായി സംവരണംവരുന്നരീതി ഒഴിവാക്കാൻ കഴിയില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. എന്നാൽ രണ്ടിലേറെതവണ ഒരുവാർഡ് സംവരണ വാർഡാക്കി മാറ്റിയാൽ അവിടെ സ്ഥിരതാമസമാക്കിയവർക്ക് മത്സരിക്കാനുള്ള അവസരം സ്ഥിരമായി നിഷേധിക്കപ്പെടാനിടയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് സംവരണസീറ്റുകൾ നറുക്കെടുത്ത് തീരുമാനിക്കുമ്പോൾ തുടർച്ചയായി രണ്ടുതവണ സംവരണ സീറ്റുകളായിരുന്ന വാർഡുകളെ ഒഴിവാക്കാൻ ഹൈക്കോടതി നിർദേശിച്ചത്.