sivasankar-

കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഏഴു ദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇന്ന് കസ്റ്റഡി കാലാവധി പൂർത്തിയാക്കി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശിവശങ്കറിനെ ഹാജരാക്കുമ്പോൾ ഇക്കാര്യം ആവശ്യപ്പെടും.

കഴിഞ്ഞ ഏഴു ദിവസം ചോദ്യം ചെയ്തെങ്കിലും പലകാര്യങ്ങളിലും ശിവശങ്കർ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതിനാൽ കേരളത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ചോദ്യംചെയ്യൽ അനിവാര്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.സംസ്ഥാനത്ത് ശിവശങ്കറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നാലു സുപ്രധാന പദ്ധതികളിലേക്ക് ഇ.ഡിയുടെ അന്വേഷണം നീങ്ങിയതിനു പിന്നാലെയുള്ള ഇൗ ചോദ്യംചെയ്യൽനീക്കവും നിർണായകമാണ്.

ഒക്ടോബർ 29ന് ഏഴു ദിവസത്തേക്കാണ് ശിവശങ്കറിനെ കോടതി ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഇന്നു രാവിലെ 11 മണിയോടെ തിരിച്ചു ഹാജരാക്കാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനോട് ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാൻ ഇ.ഡി നിർദേശിച്ചിട്ടുണ്ട്. ശിവശങ്കറിനൊപ്പമിരുത്തി രവീന്ദ്രനെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ഇ.ഡി വെളിപ്പെടുത്തുന്നു. ഏഴു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടതെങ്കിലും ആദ്യ മൂന്നുനാൾ ചോദ്യംചെയ്യലുമായി ശിവശങ്കർ സഹകരിച്ചിരുന്നില്ല. ഇക്കാര്യവും ഇന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കും. കഴിഞ്ഞ ഏഴു ദിവസമായി മുല്ലശേരി കനാൽ റോഡിലെ ഒാഫീസിലാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ പാർപ്പിച്ചു ചോദ്യംചെയ്തത്.