internet

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയിലൂടെ സർക്കാർ സംസ്ഥാനം മുഴുവൻ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് വിരിച്ച് അതിവേഗ ഇന്റർനെറ്റ് ശൃംഖല സജ്ജമാക്കുന്നതോടെ കേരളത്തിലെ ഇന്റർനെറ്റ് ഉപയോഗം ഇരട്ടിയാകും. റിലയൻസിന്റെ ജിയോ, എയർടെൽ, വൊഡാഫോൺ, ബി.എസ്.എൻ.എൽ തുടങ്ങിയ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് കേരളം ചാകരയായി മാറും.

സ്വന്തംനിലയിൽ ഇന്റർനെറ്റ് സേവനദാതാവായി മാറുകയല്ല, പകരം സംസ്ഥാനമൊട്ടാകെ ഒപ്ടിക്കൽ ഫൈബർ ശൃംഖലയുടെ അടിത്തറയുണ്ടാക്കുന്നതാണ് കെ.ഫോൺ പദ്ധതി. നിലവിലെ സേവനദാതാക്കളാണ് ഇന്റർനെറ്റ് എത്തിക്കുക.

ശക്തി കുറഞ്ഞ ടവറുകളും ടവർ സ്ഥാപിക്കാൻ അനുമതി കിട്ടാത്തതുംമൂലം ബിസിനസ് വിപുലീകരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഈ കമ്പനികൾ.

നിലവിൽ സെക്കൻഡിൽ പത്ത് മെഗാ ബൈറ്റാണിവിടെ ലഭിക്കുന്ന ഇന്റർനെറ്റ് വേഗത. കെ ഫോൺ വരുന്നതോടെ അത് സെക്കൻഡിൽ 977 മെഗാ ബൈറ്റായി കൂടും. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഉപയോഗിക്കുന്ന സമയത്തിലും വൻവർദ്ധന മൊബൈൽ ഫോൺ കുത്തകകൾ പ്രതീക്ഷിക്കുന്നുണ്ട്. അവരുടെ വരുമാനം കുതിച്ചുയരും.

മൊബൈൽ കമ്പനികളുടെ നേട്ടം

ഒപ്ടിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നത് ചെലവേറിയ ദൗത്യമായതിനാൽ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് മിക്ക സ്വകാര്യ സേവനദാതാക്കളുടെയും സേവനം. ഗ്രാമ,നഗര വ്യത്യാസമില്ലാതെ സർക്കാർ കേബിൾ ശൃംഖല സജ്ജമാക്കുന്നതോടെ കമ്പനികൾക്ക് കെ ഫോൺ നെറ്റ് വർക്ക് ഉപയോഗിക്കാമെന്നതാണ് മെച്ചം.കേബിൾ ഇടുന്നതിന് ചെലവാകുമായിരുന്ന കോടിക്കണക്കിന് രൂപ അവർക്ക് ലാഭം.

കേരളത്തിൽ ഇന്റർനെറ്റ്

2.53 കോടി ജനങ്ങൾ ഉപയോഗിക്കുന്നു

1.04 കോടി ഗ്രാമവാസികൾ

1.49 കോടി നഗരവാസികൾ

രണ്ടാംസ്ഥാനം

മൊത്തം ജനങ്ങളിൽ 56 ശതമാനം പേരാണ് കേരളത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. 62ശതമാനമുള്ള ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്.

മാെബൈൽ ഉപയോഗം

കേരളത്തിലെ 3.34 കോടി ജനങ്ങളിൽ 3.04 കോടിയാളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ഇല്ല.