ആലുവ: കീഴ്മാട്, എടത്തല ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിത സംവരണമായത് ഇരുമുന്നണികളിലെയും സ്ഥാനമോഹികൾക്ക് തിരിച്ചടിയായി. നിലവിൽ വനിതാ സംവരണമായ എടത്തല വീണ്ടും പട്ടികജാതി സംവരണമായതോടെ പ്രസിഡന്റ് സ്ഥാനം മോഹിച്ചിരുന്ന പുരുഷന്മാർക്ക് ഇനി അഞ്ച് വർഷം കൂടി കാത്തിരിക്കേണ്ടി വരും. ജനസംഖ്യാനുപാതികമായി സംവരണ പഞ്ചായത്തുകൾ നിശ്ചയിച്ചതാണ് സ്ഥാനമോഹികൾക്ക് തിരിച്ചടിയായത്. രണ്ട് പഞ്ചായത്തുകളിലും കഴിവുള്ള പട്ടിക ജാതി വനിതകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ. ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ആലുവ നഗരസഭ അദ്ധ്യക്ഷ സ്ഥാനം ജനറൽ വിഭാഗത്തിനാണ് നൽകിയിരിക്കുന്നത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനവും ജനറൽ വിഭാഗത്തിനാണ്.