ആലുവ: കീഴ്മാട്, എടത്തല ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിത സംവരണമായത് ഇരുമുന്നണികളിലെയും പ്രസിഡന്റ് സ്ഥാനമോഹികൾക്ക് തിരിച്ചടിയായി. പ്രസിഡന്റ് സ്ഥാനം മാത്രം മോഹിച്ചെത്തിയ ചിലർ മത്സര രംഗത്തുനിന്ന് തന്നെ പിന്മാറാൻ നീക്കമുണ്ട്. എടത്തല ഗ്രാമപഞ്ചായത്തിലെ സ്ഥാനമോഹികൾക്കാണ് കൂടുതൽ തിരിച്ചടിയായത്. ഇവിടെ നിലവിൽ വനിതാ സംവരണമാണ്. വീണ്ടും പട്ടികജാതി വനിതാ സംവരണമായതോടെ പ്രസിഡന്റ് സ്ഥാനം മോഹിച്ചിരുന്നവർക്ക് ഇനി അഞ്ച് വർഷം കൂടി കാത്തിരിക്കേണ്ടി വരും. യു.ഡി.എഫ് മുന്നണിയിൽ കോൺഗ്രസ് ഐ വിഭാഗത്തിന്റെ കോട്ടയാണ് എടത്തല. പ്രസിഡന്റ് കുപ്പായം തുന്നിയ പല ഐ നേതാക്കളും ഇതോടെ നിരാശരാണ്. ആലുവ മേഖലയിൽ ഐ വിഭാഗത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ്. പട്ടികജാതി വനിത സംവരണമായതോടെ എ വിഭാഗം വലിയ സന്തോഷത്തിലാണ്.
കീഴ്മാട് നിലവിൽ ജനറൽ വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം. അതിനാൽ വനിത സംവരണമാകുമെന്നായിരുന്നു പ്രതീക്ഷ. ഇരുമുന്നണികളും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാവുന്നവരെ സ്ഥാനാർത്ഥിയായും കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ഇടിത്തീ പോലെ പട്ടികജാതി വനിത സംവരണമായി മാറിയത്. ഇതോടെ പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് മാത്രം മത്സരത്തിന് സന്നദ്ധയായ വനിതകളും നിരാശയിലാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ജനസംഖ്യാനുപാതികമായി സംവരണ പഞ്ചായത്തുകൾ നിശ്ചയിച്ചത്.
രണ്ട് പഞ്ചായത്തുകളിലും കഴിവുള്ള പട്ടിക ജാതി വനിതകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ. ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. ആലുവ നഗരസഭയും കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തും ജനറൽ വിഭാഗത്തിനാണ്. ഇവിടെ ഇരുമുന്നണികളും ചെയർമാൻ പ്രസിഡന്റ് സ്ഥാനാർത്ഥിയെ കണ്ടെത്തി കഴിഞ്ഞു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനവും ജനറൽ വിഭാഗത്തിനാണ്. ഇവിടെയും മുൻ പ്രസിഡന്റ് കോൺഗ്രസിലെ ആർ. രഹൻരാജ് ഉൾപ്പെടെ മത്സരരംഗത്തുണ്ട്.