വൈപ്പിൻ: കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജരും എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറിയും കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.ഡി. ശ്യാംദാസ് (53) നിര്യാതനായി. പനിയെത്തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ കൊവിഡ് ബാധിതനായാണ് മരിച്ചത്.
ചെറായി ദേവസ്വംനട പുറംചാലിൽ പരേതരായ ദാസന്റെയും മല്ലികയുടെയും മകനാണ്. ഭാര്യ ശാന്ത (മൂത്തകുന്നം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക). സഹോദരി: ഗീദാസ് (അദ്ധ്യാപിക, ചെറായി രാമവർമ്മ യൂണിയൻ ഹൈസ്‌കൂൾ). എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ, ആലുവ എസ്.എൻ.ഡി.പി സ്‌കൂൾ ലോക്കൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു.
വൈപ്പിൻ യൂണിയൻ സംരംഭങ്ങളായ യൂണിയൻ ചിട്ടീസ്, ഗുരുവരം നിധി ലിമിറ്റഡ്, എസ്.എൻ സൂപ്പർ മാർക്കറ്റ് എന്നിവയുടെ മാനേജിംഗ് ഡയറക്ടർകൂടിയാണ്. മൃതദേഹം ചെറായി പൊതുശ്മശാനത്തിൽ കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം സംസ്‌കരിച്ചു.