ശിവശങ്കറിനെ 11 വരെ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ എം. ശിവശങ്കർ സർക്കാരിന്റെ പദ്ധതികളായ ലൈഫ് മിഷൻ, കെ ഫോൺ എന്നിവയെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ വാട്ട്സ് ആപ്പ് ചാറ്റിലൂടെ സ്വപ്നയ്ക്ക് കൈമാറിയെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. സ്വപ്നയടക്കം പ്രതികൾക്ക് വൻതുക കൈക്കൂലി നൽകിയ ലൈഫ് ഫ്ളാറ്റ് നിർമ്മാണക്കമ്പനി യുണിടാക്കിന് കൈമാറാനാണ് വിവരങ്ങൾ നൽകിയത്. ശിവശങ്കറിന് ഇൗ ഗൂഢപദ്ധതിയിലുള്ള പങ്കാണ് ഇതു സൂചിപ്പിക്കുന്നതെന്നും ഇ.ഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വ്യക്തമാക്കി.
ശിവശങ്കറിനെ ഏഴു ദിവസത്തെ കസ്റ്റഡി പൂർത്തിയാക്കി ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോൾ ഏഴു ദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. അപേക്ഷ പരിഗണിച്ച കോടതി ശിവശങ്കറിനെ ആറു ദിവസംകൂടി (11വരെ) കസ്റ്റഡിയിൽ വിട്ടു.
ശിവശങ്കറിന് കെ ഫോൺ, സ്മാർട്ട് സിറ്റി, ലൈഫ് മിഷൻ പദ്ധതികൾ നടപ്പാക്കുന്നതിന്റെ മേൽനോട്ടച്ചുമതല ഉണ്ടായിരുന്നു. മൂന്നു പദ്ധതികളിലും സ്വപ്ന സഹകരിച്ചതിന് രേഖാമൂലം തെളിവുകളുണ്ട്. ശിവശങ്കറും സ്വപ്നയുമായുള്ള ചാറ്റുകളുടെ അടിസ്ഥാനത്തിൽ ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ് സി.എം.ഡിയുടെ വസതിയും ഒാഫീസും പരിശോധിച്ച് നിർണായക വിവരങ്ങൾ കണ്ടെത്തിയിരുന്നു.
സ്വർണക്കടത്ത് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അറസ്റ്റിലായ ശിവശങ്കറിനെതിരെ ലൈഫ്, കെ ഫോൺ പദ്ധതികളുടെ വിവരങ്ങൾ നൽകിയെന്ന പേരിൽ ഇ.ഡിക്ക് എങ്ങനെ അന്വേഷിക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു. ഇത് അധികാരപരിധിയിൽ വരുന്ന വിഷയമാണോയെന്ന ചോദ്യത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഇ.ഡി അറിയിച്ചു.
ശിവശങ്കറിന് ഖാലിദിനെ അറിയാം
യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മുൻ മേധാവിയും ഇൗജിപ്ഷ്യൻ പൗരനുമായ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ ശിവശങ്കറിന് അടുത്തറിയാം. ഖാലിദുമായി അടുപ്പം നിഷേധിച്ച് അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ആദ്യം ശിവശങ്കർ ശ്രമിച്ചത്. പിന്നീട് അറിയാമെന്ന് സമ്മതിച്ചു. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലുൾപ്പെട്ട ഖാലിദുമായുള്ള ബന്ധം അന്വേഷിക്കണം.
അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം
ഒട്ടേറെ ചോദ്യങ്ങളിൽ നിന്ന് ശിവശങ്കർ ഒഴിഞ്ഞുമാറി. സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ അന്വേഷണം വഴിതെറ്റിക്കാൻ തന്ത്രങ്ങൾ പ്രയോഗിക്കുന്നു
സ്വപ്നയെ ജയിലിൽ ചോദ്യം ചെയ്തപ്പോൾ കുറ്റകൃത്യത്തിൽ ശിവശങ്കറിന്റെ പങ്കിന് തെളിവ് ലഭിച്ചു. വീണ്ടും ചോദ്യംചെയ്താലേ അന്വേഷണം പൂർത്തിയാക്കാൻ കഴിയൂ
യുണിടാക്കും സാൻവെഞ്ച്വേഴ്സും വൻതുക കൈക്കൂലി നൽകിയത് ശിവശങ്കറിന്റെ അറിവോടെയാണ്. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം വേണം
കസ്റ്റഡിയിൽ പീഡനമില്ലെന്ന് ശിവശങ്കർ
കസ്റ്റഡിയിൽ കഴിഞ്ഞതിനെക്കുറിച്ച് പരാതികളുണ്ടോയെന്ന് ശിവശങ്കറിനോട് കോടതി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. കസ്റ്റഡിയിൽ തനിക്ക് പീഡനമൊന്നും നേരിടേണ്ടിവന്നില്ലെന്നും ശിവശങ്കർ വെളിപ്പെടുത്തി. തുടർന്നാണ് വീണ്ടും കസ്റ്റഡിയിൽവിട്ടത്. ശിവശങ്കറിന്റെ ജാമ്യഹർജി അന്ന് പരിഗണിക്കും.