കൊച്ചി: തട്ടിപ്പുകേസിൽ കോട്ടയത്ത് അറസ്റ്റിലായ ബിനു ചാക്കോയ്ക്ക് സഭാതലവന്മാരുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് എറണാകുളം അതിരൂപത അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സീറ്റ് വില്പന, സ്‌കൂളിൽ ജോലി വാഗ്ദാനം തുടങ്ങിയ പരാതികൾ ബിനുവിനെതിരെ ഉയർന്നിട്ടുണ്ട്. മെത്രാൻമാരുമായും സീറോ മലബാർ കേന്ദ്രകാര്യാലയവുമായി ബന്ധം ബിനുവിനുണ്ട്. തട്ടിപ്പുകളിൽ സഭയിലെ ഉന്നതരുടെ പങ്കും അന്വേഷിക്കണം.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് സഭാ വക്താവായി ബിനു രംഗത്തുവന്നത്. സമഗ്രമായ അന്വേഷണം നടത്തി കൂട്ടുപ്രതികളെയും പിടികൂടണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.
അതിരൂപത സമിതി കൺവീനർ അഡ്വ. ബിനു ജോൺ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി ജെറാർദ്, ഷൈജു ആന്റണി, ജോജോ ഇലഞ്ഞിക്കൽ, ബോബി ജോൺ, ജോമോൻ, വിജിലൻ, ജൈമോൻ ദേവസ്യ, റിജു കാഞ്ഞൂക്കാരൻ എന്നിവർ പ്രസംഗിച്ചു.