കോലഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിലെ അദ്ധ്യക്ഷ സംവരണമായി.അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണപ്പട്ടിക തീരുമാനിച്ചതോടെ ഇനി സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള തിരക്കായി. അദ്ധ്യക്ഷ പദവി ആർക്കെന്ന് അറിഞ്ഞ ശേഷം പല സീ​റ്റുകളിലെയും അന്തിമ തീരുമാനമെടുക്കാൻ കാത്തിരിക്കുകയായിരുന്നു പല കക്ഷികളും. അപ്രതീക്ഷിതമായി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കു കടന്നുവരാൻ ഏറെ പേർക്ക് അവസരം ലഭിക്കും. ഭൂരിപക്ഷം ഉണ്ടായിട്ടും അദ്ധ്യക്ഷ സംവരണത്തിൽ ഉൾപ്പെടുന്നയാൾ ഭരണപക്ഷത്ത് ഇല്ലാത്തതുമൂലം പ്രതിപക്ഷത്തിനു പ്രസിഡന്റ് പദവി നൽകേണ്ടിവന്ന ഒട്ടേറെ അനുഭവങ്ങൾ തദ്ദേശ ചരിത്രത്തിലുണ്ട്. അതുകൊണ്ടുതന്നെ ഏറെ ജാഗ്രതയോടെയാകും ഇനിയുള്ള ദിവസങ്ങൾ.

കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ വരുന്ന പഞ്ചായത്തുകളിൽ കിഴക്കമ്പലം, തിരുവാണിയൂർ, വാഴക്കുളം പഞ്ചായത്തുകളിൽ അദ്ധ്യക്ഷ സ്ഥാനം പട്ടികജാതി സംവരണമാണ്. വടവുകോട്, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളിൽ സ്ത്രീസംവരണവുമായി. കുന്നത്തുനാട്ടിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എൽ.ഡി.എഫ് പദ്മകുമാരി വിശ്വനാഥനെയാണ് മത്സരിപ്പിക്കുന്നത്. യു.ഡി.എഫ് വടവുകോട് ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗൗരി വേലായുധൻ, സബിത അബ്ദുൾ റഹ്മാൻ എന്നിവരെയും, ട്വന്റി20 പ്രസിഡന്റ് സ്ഥാനത്തേയ്ക്കായി ആരെയും മത്സരിപ്പിക്കുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് തീരുമാനം. കിഴക്കമ്പലത്ത് എൽ.ഡി.എഫ് അഡ്വ.കെ.വി സുരേഷ് കുമാർ, ടി.എസ് അനിൽ എന്നിവരേയും യു.ഡി.എഫ് രാജൻ കൊമ്പനാലി, ബിജു, അയ്യപ്പൻകുട്ടി എന്നിവരേയും, ട്വന്റി20 മുൻ വൈസ് പ്രസിഡന്റ് മിനി രതീഷിനെയും പരിഗണിച്ചേക്കും. ഐക്കരനാട്ടിൽ എൽ.ഡി.എഫ് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മിനി സണ്ണി, യു.ഡി.എഫ് മുൻ പ്രസിഡന്റ് എം.എസ് രാജി എന്നിവരേയാണ് മത്സരത്തിനിറക്കുന്നത്. വടവുകോട്ടിൽ എൽ.ഡി.എഫ് മുൻ ബ്ളോക്ക് പഞ്ചായത്തംഗം വിശാലം ബാബുവിനെയും, യു.ഡി.എഫ് കഴിഞ്ഞ ടണ്ടു ടേമിൽ പഞ്ചായത്തംഗമായിരുന്ന മഞ്ജു വിദ്യാധരനെയുമാണ് രംഗത്തിറക്കുന്നത്. തിരുവാണിയൂരിൽ എൽ.ഡി.എഫ് സി.ആർ പ്രകാശനേയും, യു.ഡിഎഫ് രാജേഷ് കണ്ടേത്തുപാറയേയും മത്സരിപ്പിക്കാനാണ് നീക്കങ്ങൾ സജീവപമാക്കിയത്. വാർഡുകളിലെ മത്സരങ്ങൾക്ക് ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനവും ഏറെക്കുറെ പൂർത്തിയാക്കി. തിരുവാണിയൂരിൽ എൻ.സി.പി ജില്ലാ സെക്രട്ടറി റെജി ഇല്ലിക്കപ്പറമ്പിൽ, മഴുവന്നൂരിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, കുന്നത്തുനാട്ടിൽ സഹകരണബാങ്ക് പ്രസിഡന്റ് നിസ്സാർ ഇബ്രാഹിം എന്നീ പ്രമുഖർ മത്സരംഗത്തുണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. യു.ഡി.എഫിലെയും, എൻ.ഡി.എ യിലേയും ചർച്ചകൾ പുരോഗമിച്ചു വരികയാണ്.