വൈപ്പിൻ: ചിൽഡ്രൻ ഹോമുകളിൽ കഴിയുന്ന കുട്ടികൾക്ക് ശിശുദിനത്തോടനുബന്ധിച്ച് സമ്മാനപ്പൊതികൾ നൽകാനുള്ള വിദ്യാർത്ഥികളുടെ ശേഖരണപരിപാടിക്ക് ജനകീയ പിന്തുണ. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിൽ സ്ഥാപിച്ച ശേഖരണപ്പൊതിയിൽ സമ്മാനങ്ങൾ നിക്ഷേപിക്കാനായി വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം നിരവധി പേരാണ് എത്തുന്നത്. ശേഖരണപരിപാടിക്ക് നേതൃത്വം നൽകിയതും രക്ഷകർത്താക്കൾ തന്നെയായിരുന്നു.
ജില്ലാതല സ്റ്റുഡന്റ് പൊലീസ് വോളണ്ടിയർ കോർപ്‌സ് പദ്ധതിയുടെ ഭാഗമായാണ് പുത്തനുടുപ്പും പുസ്തകവും എന്ന പേരിൽ പദ്ധതി രൂപീകരിച്ചത്. എസ്.പി.സി പദ്ധതിയിൽ പ്രവർത്തിക്കുന്നവരും മുമ്പ് പരിശീലനം നേടിയവരുമായ വിദ്യാർത്ഥികളുമാണ് അംഗങ്ങൾ.

നോട്ടുപുസ്തകങ്ങൾ, ഉടുപ്പുകൾ, പേനകൾ, പെൻസിലുകൾ, ചെരിപ്പുകൾ, പോഷകാഹാര ടിന്നുകൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. പുതിയവ മാത്രമേ സ്വീകരിക്കൂ. ഇന്നുകൂടി പൊതുജനങ്ങൾക്ക് സമ്മാനപ്പൊതികൾ സ്‌കൂളിൽ ഏൽപ്പിക്കാം. പത്തുവയസിൽ താഴെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾക്കാണ് മുൻഗണനയെന്ന് അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ പി.എസ്. ഷാബു പറഞ്ഞു.