തോപ്പുംപടി: ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, കുമരകം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയതിനു പുറമെ ഇപ്പോൾ വൈക്കവും മഹാദേവ ക്ഷേത്രവും ഇടം നേടി കഴിഞ്ഞു.ജന പങ്കാളിത്ത വിനോദസഞ്ചാര വികസന പദ്ധതിയായ പെപ്പർ (പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപ്പേറ്ററി പ്ലാനിങ്ങ് ആൻഡ് എംപവർമെന്റ് ത്രൂ റസ്‌പോൺസിബിൾ ടൂറിസം) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മഹാത്മാഗാന്ധി ഉൾപ്പടെയുള്ള മഹാരഥൻമാരുടെ പാദസ്പർശമേറ്റതിലൂടെയാണ് അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചത്.ഇതിന്റെ പ്രഖ്യാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തി. പെപ്പർ പദ്ധതിയിലൂടെ വലിയ ജനകീയ മുന്നേറ്റമാണ് വൈക്കത്ത് നടന്നത്.തുടർ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സി.കെ.ആശ ചെയർപേഴ്‌സൺ, സംസ്ഥാന ടൂറിസം മിഷൻ കോർഡിനേറ്റർ കെ.രൂപേഷ്‌കുമാർ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.സർക്കാർ ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞു. മണ്ഡലത്തിലെ ചെമ്പ്, വെള്ളൂർ, മറവൻതുരുത്ത്, ഉദയനാപുരം, തലയോലപറമ്പ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ പഞ്ചായത്തുകളിലും വൈക്കം നഗരസഭ പരിധിയിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പാക്കേജ് രൂപത്തിലാണ് പദ്ധതി. സഞ്ചാരികൾ ആവശ്യപ്പെട്ടാൽ വാഹനവും വള്ളവും ക്രമീകരിക്കും. ഇതിനായി കുമരകം ജവാണാറ്റിൻ കരയിലെ ടൂറിസം മിഷൻ ഓഫീസിനെ സമീപിക്കണം. ചെറിയ കനാലിലൂടെയുളള ബോട്ട് യാത്ര, നാടൻ ഭക്ഷണം, കയർ നിർമ്മാണം, ഓലമെടയൽ, ക്ഷേത്ര ചുവർ ചിത്രങ്ങൾ, നാലുകെട്ട്, ഫാം, ജാതി തോട്ടം, താറാവ് ഫാം, പാർക്ക്, പരമ്പരാഗത മീൻപിടുത്തം, കളമെഴുത്ത് സർപ്പം പാട്ട് തുടങ്ങിയ ആസ്വദിക്കാം.ഇതിനായി 976 പേർക്ക് പരിശീലനം നൽകി കഴിഞ്ഞു. ടൂറിസ്റ്റ് ഡയറക്ടറി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഇ ബുക്കിൽ ചിത്രങ്ങളും വീഡിയോകളും കാണാം.