mask
പാർട്ടികൾക്കു വേണ്ടിയുള്ള മാസ്ക്കുകൾ

കോലഞ്ചേരി: പുതുമകൾ ഏറെയുള്ള തിരഞ്ഞെടുപ്പിൽ ഇക്കുറി മുന്നണി ഏതെന്ന് മാസ്ക്ക് പറയും. ഇതിനായി തമിഴ്നാട്ടിൽ നിന്നുള്ള കമ്പനികൾ ഓർഡറെടുത്തു തുടങ്ങി. കൊയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിലാണ് നിർമ്മാണം. ഇവിടെ മുന്നണികളുടെ തിരഞ്ഞെടുപ്പ് ചർച്ചകൾ നടക്കുമ്പോൾ തന്നെ തമിഴ്‌നാട്ടിൽ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടി അവരുടെ പാർട്ടി ചിഹ്നങ്ങൾ രേഖപ്പെടുത്തിയ മുഖാവരണങ്ങളുടെ നിർമ്മാണം തകൃതിയായി നടക്കുന്നുണ്ട്. മൊത്ത വ്യാപാരികൾക്ക് വിതരണം ചെയ്യുന്നതിനുള്ള മോഡലുകൾ സ്വകാര്യ ഏജൻസികളിൽ എത്തിത്തുടങ്ങി. ഇതിനൊപ്പം തൊപ്പികൾ, ടീ ഷർട്ടുകൾ, കൈയ്യുറകൾ എന്നിവയുമുണ്ട്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായാൽ സ്ഥാനാർഥികളുടെ ചിത്രങ്ങൾ സഹിതമുള്ള മാസ്കുകളും ഓർഡർ അനുസരിച്ച് എത്തിച്ചുനൽകും. സ്വതന്ത്റ സ്ഥാനാർഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു കിട്ടിയാൽ മാസ്കുകൾ നൽകാനുള്ള സംവിധാനവും റെഡിയാണ്. ബഹു വർണങ്ങളിലുള്ള മാസ്കുകൾ കോട്ടൺ, ബനിയൻ ക്ലോത്ത് എന്നിവയിലാണ് നിർമ്മിക്കുന്നത്. ഫ്‌ളെക്‌സ് ബോർഡുകളും, ബാനറുകളും ഒഴിവാക്കി തുണികളിലാണ് പ്രചാരണ ബോർഡുകളും ബാനറുകളുമുണ്ടാവുക. മൊത്തവിതരണത്തിൽ രണ്ടു രൂപ മുതൽ മുകളിലേയ്ക്കാണ് മാസ്ക് വില. പ്രചരണത്തിന് സ്ഥാനാർത്ഥികൾക്കും മാസ്ക് നിർബന്ധമായതിനാൽ മാസ്ക് വച്ച ഫോട്ടോ കൂടി പ്രചരണത്തിന് ഉപയോഗിക്കാനാണ് മുന്നണികൾ ആലോചിക്കുന്നത്. മാസ്ക്കില്ലാത്ത യഥാർത്ഥ മുഖവും ഒപ്പം നല്കും.