1
കൊവിഡ് വ്യാപനം തടയാൻ മദ്യശാലകൾ അടച്ചിടുക എന്നാവശ്യപ്പെട്ട് ലഹരി നിർമ്മാർജന സമിതി നടത്തിയ സമരം കളക്ടറേറ്റിന് മുന്നിൽ അഡ്വ.ജയശങ്കർ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര : മദ്യവർജനം വാഗ്ദാനംചെയ്ത് അധികാരത്തിലെത്തിയ സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ സെക്രട്ടറിയുടെ മകനെ മയക്കുമരുന്ന് കേസിൽ അറസ്റ്റുചെയ്ത സംഭവം ഇടതുപക്ഷത്തിന്റെ വിശ്വാസ്യതക്കേറ്റ തിരിച്ചടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ പറഞ്ഞു. കൊവിഡ് വ്യാപനം തടയാൻ മദ്യശാലകൾ അടച്ചുപൂട്ടുക എന്നാവശ്യപ്പെട്ട് ലഹരി നിർമ്മാർജന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി ഷുക്കൂർ ചെമ്പറക്കി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ എം.കെ.എ ലത്തീഫ്, ഓർഗനൈസിംഗ്സെക്രട്ടറി കെ.കെ അബ്ദുള്ള, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ ബീരാൻ, യൂത്ത്‌വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നാദിർ എടത്തല ,ലഹരി നിർമ്മാർജന സമിതി വനിതാവിഭാഗം സംസ്ഥാന ട്രഷറർ ഷാജിത നൗഷാദ്, ജില്ലാ സെക്രട്ടറി അസ്മ നൂറുദ്ദീൻ, സംസ്ഥാന കൗൺസിലർ സലിം എടയപ്പുറം, സി.എസ് സൈനുദീൻ എന്നിവർ പ്രസംഗിച്ചു.