കൊച്ചി : മുളന്തുരുത്തി മാർതോമൻ പള്ളിയുടെ താക്കോൽ നേരത്തെ നിർദേശിച്ചതുപോലെ ഒാർത്തഡോക്സ് വിഭാഗത്തിനു കൈമാറാൻ ഹൈക്കോടതി ജില്ലാ കളക്ടറോടു നിർദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ മത്തായി വാണിയത്ത്, സന്തോഷ് മത്തായി തുടങ്ങിയവർ നൽകിയ അപ്പീൽതള്ളിയാണ് ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ഒാർത്തഡോക്സ് - യാക്കാബായ വിഭാഗങ്ങളുടെ തർക്കത്തെത്തുടർന്ന് പള്ളിയും പള്ളിപ്പരിസരവും പൂട്ടി താക്കോൽ കൈവശംവെക്കാൻ ഹൈക്കോടതി നേരത്തെ ജില്ലാകളക്ടർക്ക് ഉത്തരവു നൽകിയിരുന്നു. സുപ്രീംകോടതിയുടെ വിധിയനുസരിച്ച് താക്കോൽ ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ കഴിഞ്ഞ ഒക്ടോബർ 16ന് കളക്ടർക്ക് നിർദേശവും നൽകി. ഇതിനെതിരെ നൽകിയ അപ്പീലാണ് തള്ളിയത്. മുൻ ഉത്തരവിൽ പറയുന്ന വിധത്തിൽ താക്കോൽ കൈമാറണമെന്നും ഇൗ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻബെഞ്ച് നിർദേശം നൽകിയത്.