പെരുമ്പാവൂർ: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോടനാട് അഭയാരണ്യം, പാണിയേലി പോര് , നെടുമ്പാറ ചിറ, പാണംകുഴി ഉദ്യാനം, പുലിയണിപ്പാറ എന്നിവിടങ്ങളിലേയക്കുള്ള പ്രധാന റോഡായ വല്ലം പാണംകുഴി റോഡിൽ സൗകര്യ പ്രഥമായ സ്ഥലത്ത് ടേക് എ ബ്രേക്ക് പദ്ധതിയിൽപ്പെടുത്തി ടോയലറ്റ് ബ്ലോക്കും കോഫി ഹൗസും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കും, ടൂറിസം വകുപ്പ് മന്ത്രിയ്ക്കും നിവേദനം നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി. പ്രകാശ് അറിയിച്ചു. പൊതു ശൗചാലയ സൗകര്യം ഇല്ലാത്തത് മൂലം വിനോദ സഞ്ചാരികളും യാത്രക്കാരും ബുദ്ധിമുട്ടുന്നു. നാടിന്റെ സമഗ്ര വികസനത്തിനൊപ്പം മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ കൂടി നിർവഹിക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ നടപടിയുണ്ടാകണം. ഇതിനായി കുറിച്ചിലക്കോടിനടുത്ത് പൊതു മരാമത്ത് വകുപ്പിന്റേതായി പുഞ്ചക്കുഴി പാലത്തിന് സമീപം കാട് പിടിച്ച് കിടക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തണമെന്നും നിവേദനത്തിൽ പറയുന്നു.