towan-hall
ആലുവ മുനിസിപ്പൽ ടൗൺ ഹാളിന്റെ നവീകരണം ആരംഭിച്ചപ്പോൾ

ആലുവ: ഏറെക്കാലമായി ശോച്യാവസ്ഥയിലായിരുന്ന ആലുവ മഹാത്മഗാന്ധി ടൗൺഹാൾ സുന്ദരിയാകും. ഒരു കോടിയിലേറെ രൂപ മുടക്കിയുള്ള ആലുവ മുനിസിപ്പൽ ടൗൺഹാളിന്റെയും സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും നിർമ്മാണമാരംഭിച്ചു. ജില്ലയിലെ വിപുലമായ പാർക്കിംഗ് സൗകര്യമുള്ള വലിയ ടൗൺഹാൾ ആണെങ്കിലും ഏറെ നാളുകളായി ശോച്യാവസ്ഥയിലായിരുന്നു.

പ്രതിഷേധത്തെത്തുടർന്നാണ് നവീകരണത്തിനായി നഗരസഭ 30 ലക്ഷം രൂപ അനുവദിച്ചത്. നിർമ്മാണം ആരംഭിക്കാൻ നടപടികളെടുക്കുന്നതിനിടെയാണ് കൊവിഡ് വ്യാപിക്കുകയും ടൗൺ ഹാൾ സി.എഫ്.എൽ.ടി.സിയാക്കിയതും. ഇതോടെ നവീകരണം അനിശ്ചിതത്വത്തിലായി. സി.എഫ്.എൽ.ടി.സി യു.സി കോളേജിൽ മാത്രമാക്കി ചുരുക്കിയതാണ് നവീകരണം ആരംഭിക്കാൻ വഴിയൊരുങ്ങിയത്.

# ടൗൺഹാൾ സൂപ്പറാകും

ടൗൺഹാൾ നവീകരണത്തിന്റെ ഭാഗമായി ടൈൽ വിരിക്കൽ, ടോയ് ലെറ്റ് നിർമാണം, പെയിന്റിംഗ്, എൽ.ഇ.ഡി നെയിം ബോർഡ്, ഗ്രാനൈറ്റ് വിരിക്കൽ, ഇലക്ട്രിക്കൽ വർക്കുകൾ എന്നിവയാണ് നടക്കുന്നത്. സാധാരണക്കാർക്ക് വിവാഹം ഉൾപ്പെടെയുള്ള മറ്റ് ആഘോഷ പരിപാടികൾക്ക് ചെറിയ വാടകയ്ക്ക് ടൗൺ ഹാൾ ലഭിക്കുമെന്നത് ഏറെ സൗകര്യമാണ്. എന്നാൽ ശുചിത്വമുള്ള ശൗചാലയം പോലുമില്ലാത്തതാണ് ജനത്തെ വലച്ചിരുന്നു.

പാർക്കിംഗ് ഏരിയയിൽ നഗരസഭയുടെ മാലിന്യവാഹനങ്ങളുടെ പാർക്കിംഗും അനധികൃതമായി സ്ഥാപിച്ചതിന്റെ പേരിൽ പിടിച്ചെടുത്ത പരസ്യബോർഡുകളും മറ്റും സൂക്ഷിക്കുന്ന കേന്ദ്രമാക്കുന്നതുമെല്ലാം ടൗൺ ഹാളിനെ വികൃതമാക്കിയിരുന്നു. ഇത്തരം നടപടികൾ കൂടി നഗരസഭ ഒഴിവാക്കിയാൽ ടൗൺ ഹാളിന് ഏറെ ആവശ്യക്കാരുണ്ടാകും.

# സ്വകാര്യ ബസ് സ്റ്റാൻഡ്

സ്വകാര്യ ബസ്സ് സ്റ്റാന്റ് നവീകരണത്തിന് നേരത്തെ 28 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ റോഡ് നവീകരണത്തിനായി വിവിധ വാർഡുകളിൽ അനുവദിച്ച തുകകളിൽ ഉപയോഗിക്കാൻ കഴിയാത്ത ഫണ്ടുകൾ ബസ് സ്റ്റാൻഡിനായി വക മാറ്റയതോടെ മൊത്തം 70 ലക്ഷം രൂപയുണ്ട്. സ്റ്റാൻഡിൽ പൂർണമായി കോൺക്രീറ്റ് കട്ട വിരിക്കാനാണ് തീരുമാനം. കൂടാതെ എ.സി.പി പാനലിംഗ്, റൂഫ്‌ മോടി കൂട്ടൽ, എൽ.ഇ.ഡി ഡിസ്‌പ്ലേ നെയിം ബോർഡ്, ആധുനീക ഇരിപ്പിടങ്ങൾ എന്നിവയാണ് ഒരുക്കുന്നത്.

'ടേക്ക് എ ബ്രേക്ക്' എന്ന പേരിൽ ആധുനിക ശൗചാലയങ്ങൾ, കഫ് റ്റീരിയ, വിശ്രമമുറി, ഫീഡിംഗ് റും എന്നിവക്കായി 25 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമ്മിക്കുമെന്ന് ചെയർപേഴ്‌സൺ ലിസി എബ്രഹാം, സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിൾ എന്നിവർ പറഞ്ഞു.