dollar

കൊച്ചി : വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മുൻ മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ പ്രതി ചേർക്കുന്നതിന് നിയമപരമായി തടസമില്ലെന്നും, ഇയാൾക്ക് നയതന്ത്ര പരിരക്ഷയില്ലെന്നും കസ്റ്റംസ് അധികൃതർ കോടതിയിൽ അറിയിച്ചു.

കേസിൽ ഖാലിദിനെ മൂന്നാം പ്രതിയാക്കി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റവിചാരണയുടെ ചുമതലയുള്ള എറണാകുളം അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കസ്റ്റംസ് അപേക്ഷ നൽകിയിരുന്നു. ഇന്നലെ അപേക്ഷ പരിഗണിച്ചപ്പോഴാണ്,യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ട്സ് വിഭാഗം ഉദ്യോഗസ്ഥന് നയതന്ത്ര പരിരക്ഷയില്ലെന്ന് വ്യക്തമാക്കിയത്.

ഇൗജിപ്ഷ്യൻ പൗരനായ ഖാലിദിനെ 2017 ജൂൺ 22 ന് യു.എ.ഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥനായി നിയമിക്കുന്നതിനു വിസ അനുവദിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തിന്റെ പകർപ്പും കോടതിയിൽ ഹാജരാക്കി. കത്തിലെ വ്യവസ്ഥകളിലൊന്ന് ഖാലിദിനും കുടുംബത്തിനും ഇന്ത്യയിൽ ഒരു തരത്തിലുള്ള പരിരക്ഷയ്ക്കും അർഹതയുണ്ടാവില്ലെന്നാണ്. രാജ്യത്തെ സാമ്പത്തിക - സാമൂഹ്യ സുരക്ഷയ്ക്കും വിനിമയ നിയന്ത്രണങ്ങൾക്കും വിധേയമായിട്ടായിരിക്കും നിയമനമെന്നും പ്രോട്ടോക്കോൾ ഒാഫീസർ അമിത് കുമാറിന്റെ കത്തിൽ പറയുന്നു. ഇൗ വ്യവസ്ഥകൾ ലംഘിച്ചാണ് ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയതെന്നും, ഇൗ സാഹചര്യത്തിൽ ഖാലിദിനെ പ്രതിയാക്കാൻ തടസമില്ലെന്നും കസ്റ്റംസ് വാദിച്ചു. കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കസ്റ്റംസിന്റെ അപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിച്ച കമ്മിഷൻ തുക 1.90 ലക്ഷം ഡോളറാക്കി മാറ്റി മസ്കറ്റിലേക്കും അവിടെ നിന്ന് കെയ്റോയിലേക്കും ഖാലിദ് കടത്തിയെന്നാണ് കേസ്. 2019 ആഗസ്റ്റ് ഏഴിന് സ്വപ്നയുടെയും സരിത്തിന്റെയും അകമ്പടിയോടെ ഹാൻഡ് ബാഗിലാണ് ഡോളർ കടത്തിയതെന്നും, തിരുവനന്തപുരം എയർപോർട്ടിലെ സുരക്ഷാ പരിശോധന മറികടക്കാനാണ് തങ്ങൾ ഒപ്പം പോയതെന്നും സ്വപ്ന സുരേഷ് കസ്റ്റംസിനു മൊഴി നൽകിയിരുന്നു. ഇത് സരിത്തിന്റെ മൊഴിയിലും ശരിവച്ചിരുന്നു. തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഖാലദിനെ മൂന്നാം പ്രതിയാക്കി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടാണ് കസ്റ്റംസ് അപേക്ഷ നൽകിയത്. ജാമ്യമില്ലാ വാറണ്ട് ലഭിച്ചാൽ ഇന്റർപോളിന്റെ സഹായത്തോടെ ഖാലിദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് നീക്കം.