akshaya1
അക്ഷയ കേന്ദ്രങ്ങൾ

കൊച്ചി: അക്ഷയ കേന്ദ്രങ്ങൾക്ക് സമീപം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സമാന്തര സേവന കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ.

അക്ഷയ, അക്ഷര, ഇകേന്ദ്രം, ജനസേവന എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ഥാപനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഇഡിസ്ട്രിക്ട് ഉൾപ്പടെയുള്ള സേവനങ്ങൾ നൽകാൻ ഇത്തരം സമാന്തര കേന്ദ്രങ്ങൾക്ക് അനുമതിയില്ല.

ഓപ്പൺ പോർട്ടലിലൂടെ രജിസ്‌ട്രേഷൻ നടത്തി പൊതുജനങ്ങൾക്ക് ഇ ഡിസ്ട്രിക്ട് സേവനം ലഭിക്കുന്നതിനുള്ള സൗകര്യം ദുരുപയോഗപ്പെടുത്തിയാണ് അംഗീകാരമില്ലാത്ത ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം.

നിരവധി പരാതികളാണ് ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ജില്ല ഓഫീസിൽ ലഭിച്ചിട്ടുള്ളത്. പല ഓൺലൈൻ കേന്ദ്രങ്ങളും ജനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ദുരുപയോഗം ചെയ്യുന്നതായി ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവയുടെ പ്രവർത്തനം അവസാനിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ ജില്ല കളക്ടർ എസ് സുഹാസ് നിർദ്ദേശം നൽകിയത്.

ഓൺലൈൻ കേന്ദ്രങ്ങൾക്ക് തടയിടും

പൊതു ജനങ്ങളുടെ രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഓപ്പൺ പോർട്ടലിലൂടെ പ്രതിമാസം 10 ഇഡിസ്ട്രിക്ട് സേവനങ്ങൾ ലഭിച്ചിരുന്നത് അഞ്ചായി കുറച്ചിട്ടുണ്ട്.കേരളത്തിലെ വിവിധ സർക്കാർ, സർക്കാരിതര സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് അക്ഷയ പ്രോജക്ട് നടപ്പാക്കുന്നത്.
നിലവിൽ ഒരു പഞ്ചായത്തിൽ നാല് അക്ഷയ ഇ കേന്ദ്രങ്ങളും നഗരസഭയിൽ ആറ് കേന്ദ്രങ്ങളും കോർപ്പറേഷനിൽ ആവശ്യാനുസരണവും അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കാനുള്ള അനുമതിയാണ് നൽകുന്നത്.
1.5 കിലോമീറ്റർ ദൂരപരിധി കണക്കാക്കിയാണ് പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുമവദിക്കുന്നത്. സമാന്തര സേവന കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകരുതെന്നും നിലവിലുള്ള സർക്കാർ ഉത്തരവ് നടപ്പാക്കി ഇവയുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു